നായകനായി രോഹിത്; ഐ.സി.സി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത് ആറ് ഇന്ത്യൻ താരങ്ങൾ
text_fieldsരാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ലോകകപ്പ് ടീമിൽ ഇടംപിടിച്ച് ആറ് ഇന്ത്യൻ താരങ്ങൾ. ട്വന്റി 20 ലോകകപ്പിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് തിങ്കളാഴ്ച ഐ.സി.സി 12 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ നായകനായ രോഹിത് ശർമ തന്നെയാണ് ഐ.സി.സി ഇലവന്റെയും ക്യാപ്റ്റൻ. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റു ഇന്ത്യൻ താരങ്ങൾ.
കമന്റേറ്റർമാരായ ഹർഷ ബോഗ് ലെ, ഇയാൻ ബിഷപ്പ്, കാസ് നായിഡു, ഐ.സി.സി ജനറൽ മാനേജർ വസിം ഖാൻ എന്നിവരടങ്ങിയ പാനലാണ് ടീമിനെ തെരഞ്ഞെടുത്തത്. നാല് രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾക്കാണ് ഐ.സി.സി ടീമിൽ ഇടം കിട്ടിയത്. ലോകകപ്പിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ അഫ്ഗാനിസ്ഥാനിൽനിന്ന് മൂന്നുപേരുണ്ട്.
ടൂർണമെന്റിലെ രണ്ടാമത്തെ ടോപ് സ്കോറർ കൂടിയാണ് നായകനായ രോഹിത് ശർമ. 257 റൺസാണ് എട്ട് ഇന്നിങ്സുകളിൽനിന്ന് ഇന്ത്യൻ നായകൻ സ്വന്തമാക്കിയത്. 281 റൺസ് നേടി ടൂർണമെന്റിലെ ടോപ് സ്കോററായ അഫ്ഗാൻ വിക്കറ്റ് കീപ്പർ-ബാറ്റർ റഹ്മാനുല്ല ഗുർബാസും 228 റൺസുമായി മൂന്നാമതെത്തിയ നിക്കൊളാസ് പുരാനുമെല്ലാം ടീമിലുണ്ട്. മികച്ച ഓൾറൗണ്ട് പ്രകടനം നടത്തിയ മാർകസ് സ്റ്റോയിനിസാണ് ആസ്ട്രേലിയയിൽനിന്ന് ഇടം നേടിയ ഏക താരം. 169 റൺസും 10 വിക്കറ്റുമാണ് താരം നേടിയത്. 144 റൺസും 11 വിക്കറ്റും നേടിയ പ്രകടനമാണ് ഹാർദിക് പാണ്ഡ്യക്ക് ടീമിൽ ഇടം നേടിക്കൊടുത്തത്. 14 വിക്കറ്റ് നേടിയ അഫ്ഗാൻ നായകൻ റാഷിദ് ഖാനും 17 വിക്കറ്റ് നേടിയ ഫസൽ ഹഖ് ഫാറൂഖിയുമാണ് റഹ്മാനുല്ല ഗുർബാസിന് പുറമെ അഫ്ഗാനിൽനിന്ന് ഇടം നേടിയ മറ്റു താരങ്ങൾ. 12ാമനായി ദക്ഷിണാഫ്രിക്കൻ പേസർ ആന്റിച്ച് നോർക്യയും ടീമിലെത്തി.
ഐ.സി.സി ടീം:
രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ (ഇന്ത്യ), റാഷിദ് ഖാൻ, റഹ്മാനുല്ല ഗുർബാസ്, ഫസൽ ഹഖ് ഫാറൂഖി (അഫ്ഗാനിസ്ഥാൻ), നിക്കൊളാസ് പുരാൻ (വെസ്റ്റിൻഡീസ്), മാർകസ് സ്റ്റോയിനിസ് (ആസ്ട്രേലിയ), ആന്റിച് നോർക്യ (ദക്ഷിണാഫ്രിക്ക).Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.