അതിവേഗത്തിൽ 10,000 റൺസ്; രോഹിത് ശർമ രണ്ടാമത്
text_fieldsകൊളംബോ: ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ. കൊളംബോയിൽ നടക്കുന്ന ഏഷ്യകപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് ഇന്ത്യൻ നായകൻ 10,000 റൺസെന്ന നാഴികകല്ല് പിന്നിടുന്നത്. കസുൻ രജിതയ്‌ക്കെതിരെ സിക്സറിടിച്ച് വ്യക്തിഗത സ്കോർ 23ലെത്തിയപ്പോഴാണ് രോഹിത് ഈ നേട്ടത്തിലെത്തുന്നത്. മത്സരത്തിൽ രോഹിത് അർധസെഞ്ച്വറി(53) നേടി.
ലോകത്ത് ഏറ്റവും വേഗത്തിൽ 10,000 റൺസ് നേടിയ റെക്കോർഡ് ഇന്ത്യയുടെ വിരാട് കോഹ്ലിയുടെ പേരിലാണ്. 205 ഏകദിനങ്ങളിൽ നിന്നാണ് കോഹ്ലിയുടെ നേട്ടം. 241 ഏകദിനങ്ങളിൽ ഈ നേട്ടത്തിലെത്തിയ രോഹിതാണ് അതിവേഗത്തിൽ എലൈറ്റ് ക്ലാസിലെത്തുന്ന ലോകത്തെ രണ്ടാമത്തെ താരം. 259 ഏകദിനങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറാണ് മൂന്നാമത്.
അതേ സമയം, ഏകദിനത്തിൽ 10,000 റൺസെന്ന നാഴികകല്ല് പിന്നിടുന്ന ലോകത്തെ 15ാമത്തെയും ഇന്ത്യയുടെ ആറാമത്തെയും താരമാണ് രോഹിത് ശർമ. സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി എന്നിവരാണ് രോഹിതിന് മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.