ഹേ, യേ ക്യാ ഹുവാ...! ആദ്യ മത്സരത്തിലേ ‘വഷളായി’ രോഹിത്-ഹാർദിക് ബന്ധം
text_fieldsഅഹ്മദാബാദ്: പതിറ്റാണ്ടിലധികം ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ നയിച്ച് അഞ്ചു കിരീടങ്ങൾ നേടിക്കൊടുത്ത രോഹിത് ശർമയെ ഒരു സുപ്രഭാതത്തിൽ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ വലിയ ആരാധകരോഷം ഉയർന്നിരുന്നു. പ്രമുഖരായ മുൻ താരങ്ങളും രോഹിതിന്റെ ഭാര്യയടക്കമുള്ളവരും മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് തീരുമാനത്തിനെതിരെ രംഗത്തെത്തി. തങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ലെന്ന് പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഐ.പി.എൽ തുടങ്ങുംമുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ. മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെതന്നെ മൈതാനത്തുവെച്ച് ഇരുവരും തമ്മിലെ ബന്ധം വഷളാവുന്നത് ക്രിക്കറ്റ് ലോകം തത്സമയം കണ്ടു. മത്സരത്തിൽ മുംബൈ തോൽക്കുകകൂടി ചെയ്തതോടെ ആരാധക രോഷവും രൂക്ഷമായി.
പലവട്ടം ഫീൽഡിങ് പൊസിഷൻ മാറ്റി
മത്സരത്തിൽ ഗുജറാത്താണ് ആദ്യം ബാറ്റ് ചെയ്തത്. ഫീൽഡിങ്ങിനിടെ ഒട്ടും മര്യാദയില്ലാതെയാണ് രോഹിതിനോട് ഹാർദിക് പെരുമാറിയതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. ഫീൽഡിങ് പൊസിഷൻ ഇടക്കിടെ മാറ്റി. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്നു രോഹിതിന് ഹാർദിക് ഇടക്കിടെ ആംഗ്യഭാഷയിൽ നിർദേശങ്ങൾ കൊടുക്കുന്നുണ്ട്. 20ാം ഓവറിൽ രണ്ടു പന്തു മാത്രം ശേഷിക്കെ ബൗണ്ടറിലൈനിൽനിന്ന് മാറാനും നിർദേശം നൽകി. മുതിർന്ന താരം, മുൻ നായകൻ, ഇന്ത്യൻ ക്യാപ്റ്റൻ തുടങ്ങിയ നിലകളിലെല്ലാം രോഹിത് ആദരം അർഹിക്കുന്നുണ്ടെന്നും ജൂനിയർ കളിക്കാരനെപ്പോലെ അദ്ദേഹത്തെ കൈകാര്യംചെയ്തത് ശരിയായില്ലെന്നാണ് ആരാധകപക്ഷം. മൈതാനത്തുവെച്ചുതന്നെ ക്യാപ്റ്റനെ പ്രകോപിപ്പിക്കുന്ന രീതിയിൽ കാണികളും പെരുമാറി. കൂവലോടെയാണ് ഹാർദിക്കിനെ എതിരേറ്റത്. രോഹിത്, രോഹിത് എന്ന വിളികളും കേൾക്കാമായിരുന്നു. രോഹിതിനെ പിന്തുണക്കുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളുമായാണ് ഇവർ എത്തിയത്.
കെട്ടിപ്പിടിച്ച ഹാർദിക്കിനോട് പ്രകോപിതനായി രോഹിത്
മത്സരശേഷം തന്നെ പിന്നിൽനിന്ന് കെട്ടിപ്പിടിച്ച പാണ്ഡ്യയോട് രോഹിത് പ്രകോപിതനാകുന്നതായി കാണിക്കുന്ന വിഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്. പുരസ്കാരദാന ചടങ്ങിനിടെയായിരുന്നു സംഭവം. ടീം ഉടമ ആകാശ് അംബാനിയും ഗുജറാത്ത് സ്പിന്നർ റാഷിദ് ഖാനും നോക്കിനിൽക്കെയായിരുന്നു ഹാർദിക്കിനെ രോഹിത് ശകാരിച്ചത്. ആകാശ് അംബാനി എന്താണ് സംഭവിക്കുന്നതെന്നറിയാതെ നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം. മത്സരത്തിൽ രോഹിത് 29 പന്തിൽ 43 റൺസ് നേടിയിരുന്നു. നാലു പന്തിൽ 11 റൺസായിരുന്നു ഹാർദിക്കിന്റെ സംഭാവന.
തീരുമാനങ്ങളും പാളി
മത്സരത്തിലെ ഹാർദിക്കിന്റെ പല തീരുമാനങ്ങളും തോൽവിക്കു കാരണമായെന്നാണ് ആരാധകരുടെയും മുൻ താരങ്ങളുടെയും വിലയിരുത്തൽ. ഏവരെയും അത്ഭുതപ്പെടുത്തിയാണ് ഹാർദിക് ബൗളിങ് ഓപൺ ചെയ്തത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുണ്ടായിട്ടും ആദ്യ ഓവർ എറിയാനുള്ള ഹാർദിക്കിന്റെ തീരുമാനത്തെ മുൻ ഇംഗ്ലണ്ട് ബാറ്റർ കെവിൻ പീറ്റേഴ്സണും മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറും രൂക്ഷമായാണ് വിമർശിച്ചത്.
‘‘എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ ബൗളിങ് ഓപൺ ചെയ്യാത്തത്? എനിക്ക് മനസ്സിലാകുന്നില്ല’’ -പീറ്റേഴ്സൺ ചോദിച്ചു. ‘‘വളരെ നല്ല ചോദ്യം. വളരെ നല്ല ചോദ്യം’’ എന്നായിരുന്നു ഗവാസ്കറിന്റെ മറുപടി. ‘‘ബുംറ എവിടെ’’ എന്ന ചോദ്യവുമായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ രംഗത്തെത്തി. മത്സരത്തിൽ ബുംറയുടെ തകർപ്പൻ ബൗളിങ്ങാണ് ഗുജറാത്തിനെ വലിയ സ്കോർ നേടുന്നതിൽ തടഞ്ഞത്. നാല് ഓവർ പന്തെറിഞ്ഞ താരം 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റാണ് വീഴ്ത്തിയത്. മൂന്ന് ഓവർ പന്തെറിഞ്ഞ ഹാർദിക് 30 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
തോൽവിയിൽ പാരമ്പര്യം കാത്ത് മുംബൈ ഇന്ത്യൻസ്
ആദ്യ മത്സരങ്ങളിൽ തോൽക്കുന്ന പതിവ് മുംബൈ ഇന്ത്യൻസ് മാറ്റിയില്ല. തുടർച്ചയായ 12ാം സീസണിലാണ് മുംബൈ ആദ്യ മത്സരത്തിൽ പരാജയപ്പെടുന്നത്. ഗുജറാത്ത് ടൈറ്റൻസിനോട് ആറു റൺസിനായിരുന്നു തോൽവി. 2013 മുതലാണ് മുംബൈ ആദ്യ മത്സരം തോറ്റുതുടങ്ങിയത്. എന്നാൽ, ആ വർഷമാണ് അവർ ആദ്യമായി ഐ.പി.എൽ കിരീടം നേടുന്നതും. ആദ്യ മത്സരങ്ങളിൽ തോറ്റിട്ടും ശേഷം നാലു തവണകൂടി മുംബൈ കപ്പിൽ മുത്തമിട്ടു. 2015, 2017, 2019, 2020 വർഷങ്ങളിലായിരുന്നു കിരീടനേട്ടം. 2012ൽ ചെന്നൈ സൂപ്പർ കിങ്സിനെ എട്ടു വിക്കറ്റിന് തോൽപിച്ചതാണ് അവസാനമായി മുംബൈ ജയിച്ച ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.