ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടിയാകുമോ? രോഹിത് ഇംപാക്ട് പ്ലെയറായത് പരിക്ക് കാരണം...
text_fieldsമുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സൂപ്പർതാരം രോഹിത് ശർമയെ ഇംപാക്ട് പ്ലെയറായി കളിപ്പിക്കാനുള്ള മുംബൈ ഇന്ത്യൻസിന്‍റെ തീരുമാനം ആരാധകരെ അദ്ഭുതപ്പെടുത്തി. മത്സരത്തിൽ 12 പന്തുകൾ നേരിട്ട രോഹിത് 11 റൺസെടുത്തു പുറത്തായി.
സുനിൽ നരെയ്ന്റെ പന്തില്‍ മനീഷ് പാണ്ഡെക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. താരത്തെ ഇംപാക്ട് പ്ലെയറാക്കി ഇറക്കാനുള്ള കാരണം അന്വേഷിക്കുകയായിരുന്നു ആരാധകർ. മത്സരശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ പിയൂഷ് ചൗളയാണ് രോഹിത്ത് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് ആയി കളിക്കാനിറങ്ങിയതിന്‍റെ കാരണം വെളിപ്പെടുത്തിയത്. പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതലുകളുടെ ഭാഗമായാണ് രോഹിത്തിനെ ഇംപാക്ട് പ്ലെയറാക്കിയതെന്ന് ചൗള വ്യക്തമാക്കി.
കൊൽക്കത്തയോട് പരാജയപ്പെട്ടതോടെ മുംബൈയുടെ പ്ലേഓഫ് സാധ്യതകളും അവസാനിച്ചു. സീസണിൽ മുംബൈയുടെ എട്ടാമത്തെ തോൽവിയാണിത്. മൂന്നു ജയവുമായി ആറു പോയന്‍റുള്ള മുംബൈ നിലവിൽ ഒമ്പതാം സ്ഥാനത്താണ്. ഇനിയുള്ള ഐ.പി.എൽ മത്സരങ്ങളിലും രോഹിത് കളിക്കില്ലെന്നാണ് വിവരം. ട്വന്‍റി20 ലോകകപ്പ് അടുത്തിരിക്കെ രോഹിത്തിന്‍റെ പരിക്ക് ആശങ്കക്കിടയാക്കി. ലോകകപ്പിൽ രോഹിത്താണ് ടീമിനെ നയിക്കുന്നത്.
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. സീസണിൽ മുംബൈക്ക് ഇനി മൂന്നു മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇതെല്ലാം ജയിച്ചാലും പരമാവധി 12 പോയന്റാണു മുംബൈക്ക് നേടാൻ സാധിക്കുക. ഒന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസിന് ഇപ്പോള്‍ തന്നെ 16 പോയന്റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.