വീണ്ടും റെക്കോഡ് ബുക്കിൽ പേരെഴുതി ഹിറ്റ്മാനും ടീം ഇന്ത്യയും
text_fieldsഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി 20 മത്സരം കാണികളെല്ലാം ശ്വാസമടക്കിപിടിച്ചാണ് കണ്ടിരുന്നത്. രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാനം വിജയം ഇന്ത്യക്കൊപ്പമായിരിന്നു. വിജയം നേടിയതിനൊപ്പം മത്സരത്തിൽ ചില റെക്കോഡുകളും ഇന്ത്യ ഇന്നലെ കൂട്ടിച്ചേർത്തു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് അഫ്ഗാനിസ്താനെതിരായ മത്സരത്തിലും റെക്കോഡ് ബുക്കിലെ പ്രധാന പേരുകാരൻ.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രോഹിത് ശർമ്മയുടെ സെഞ്ച്വറിയാണ്(121) ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. രോഹിത് ശർമ്മ അഫ്ഗാനിസ്താനെതിരെ സെഞ്ച്വറി നേടിയതോടെ ഏറ്റവും കൂടുതൽ ട്വന്റി 20 സെഞ്ച്വറിയെന്ന റെക്കോഡ് തന്റെ പേരിലാക്കി. നാല് സെഞ്ച്വറികൾ നേടിയ സൂര്യകുമാർ യാദവിനേയും ഗ്ലെൻ മാക്സ്വെല്ലിനേയുമാണ് രോഹിത് മറികടന്നത്. 2018ൽ വെസ്റ്റ്ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയതിന് ശേഷമുള്ള ആദ്യ ട്വന്റി 20 ശതകമാണ് രോഹിത് കുറിച്ചത്.
ഇന്ത്യയുടെ ട്വന്റി 20 മത്സരങ്ങളെടുക്കുമ്പോൾ ഒരു താരം നേടുന്ന നാലാമത്തെ മികച്ച സ്കോറാണ് രോഹിത് അഫ്ഗാനെതിരെ നേടിയത്. അഫ്ഗാനെതിരെ വിരാട് കോഹ്‍ലിക്ക് ശേഷം സെഞ്ച്വറി നേടുന്ന ഏക താരവുമായി രോഹിത് മാറി. 2022 ദുബൈ ഏഷ്യ കപ്പിലായിരുന്നു അഫ്ഗാനെതിരായ കോഹ്‍ലിയുടെ സെഞ്ച്വറി പ്രകടനം.
രോഹിതും റിങ്കു സിങും തമ്മിലുള്ള കൂട്ടുകെട്ടും റെക്കോഡ് ബുക്കിൽ കയറി. ട്വന്റി 20യിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. 2022ൽ സഞ്ജു സാംസണും ദീപക് ഹൂഡയും അയർലാൻഡിനെതിരെ നേടിയ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
മത്സരത്തിന്റെ അവസാന അഞ്ച് ഓവറുകളിൽ 103 റൺസാണ് ഇന്ത്യ അടിച്ച് കൂട്ടിയത്. ഇതോടെ ഡെത്ത് ഓവറുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ടീമെന്ന റെക്കോഡ് ഇന്ത്യക്കൊപ്പമായി. 2017ൽ ദക്ഷിണാഫ്രിക്ക നേടിയ 90 റൺസെന്ന റെക്കോഡാണ് ഇന്ത്യ മറികടന്നത്. കരീം ജാനത് എറിഞ്ഞ അവസാന ഓവറിൽ 36 റൺസാണ് ഇന്ത്യ നേടിയത്. 2007ൽ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ യുവരാജ് നേടിയ 36 റൺസിനൊപ്പമാണ് രോഹിതും റിങ്കുവും എത്തിയത്.
കഴിഞ്ഞ ദിവസത്തെ വിജയത്തോടെ രോഹിതിന്റെ ക്യാപ്റ്റൻസിയിൽ 54 മത്സരങ്ങളിൽ നിന്നും 42 ജയങ്ങളാണ് ടീം ഇന്ത്യ കുറിച്ചത്. 44 വിജയങ്ങൾ നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയാൻ മോർഗൻ മാത്രമാണ് ഇനി രോഹിതിന് മുന്നിലുള്ളത്. ഇന്ത്യ മാത്രമല്ല അഫ്ഗാനും ഇന്നലെ ഒരു റെക്കോഡ് കുറിച്ചു. ഇന്ത്യയുടെ സ്കോർ ചേസ് ചെയ്യുന്നതിനിടെ മൂന്ന് അഫ്ഗാൻ താരങ്ങളാണ് അർധ സെഞ്ച്വറി നേടിയത്. ഇതാദ്യമായാണ് ഒരു ഇന്നിങ്സിൽ അഫ്ഗാന്റെ മൂന്ന് താരങ്ങൾ അർധ സെഞ്ച്വറി നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.