കേപ്ടൗണിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ നായകനായി രോഹിത്! ധോണിയുടെ റെക്കോഡിനൊപ്പം
text_fieldsദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട ഇന്ത്യക്ക്, ആ ലക്ഷ്യം നേടാനായില്ലെങ്കിലും മറ്റൊരു ചരിത്ര വിജയം സ്വന്തമാക്കാനായതിന്‍റെ ആഹ്ലാദത്തിലാണ്. ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് തോൽവിയുടെ നാണക്കേട് ഏറ്റുവാങ്ങിയ രോഹിത് ശർമയും സംഘവും കേപ്ടൗണിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തകർത്താണ് പരമ്പര സമനിലയിൽ പിടിച്ചത്.
അതും അഞ്ചുദിവസത്തെ മത്സരത്തിന് ഒന്നര ദിവസം മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. അഞ്ചു സെഷനിലായി നാലു ഇന്നിങ്സുകളിൽ ആകെ 106.2 ഓവർ, അതായത് 642 പന്തുകൾ മാത്രമാണ് എറിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം. 1932ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും 656 പന്തിൽ ടെസ്റ്റ് മത്സരം അവസാനിപ്പിച്ചത് ഇതോടെ പഴങ്കഥയായി. ദക്ഷിണാഫ്രിക്കയുടെ ഉരുക്കുകോട്ടയായ കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ 1992നുശേഷം ഒരു ടെസ്റ്റ് മത്സരം ജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന റെക്കോഡ് ഇന്ത്യ സ്വന്തം പേരിലാക്കി.
ചരിത്ര ജയത്തോടെ ഹിറ്റ്മാൻ തന്‍റെ പേരിൽ മറ്റൊരു റെക്കോഡ് കൂടി എഴുതിച്ചേർത്തു. കേപ്ടൗണിൽ ടെസ്റ്റ് മത്സരം ജയിക്കുന്ന ആദ്യ ഏഷ്യൻ നായകനായി 36കാരനായ രോഹിത്. മുൻ നായകൻ എം.എസ്. ധോണിയുടെ റെക്കോഡിനൊപ്പമെത്താനും ഈ ജയത്തോടെ രോഹിത്തിനു കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ധോണിക്കുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര സമനിലയിൽ പിടിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നായകനായി രോഹിത്. 2011ൽ പ്രോട്ടീസിനെതിരായ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ധോണിയുടെ നേതൃത്വത്തിലും ഇന്ത്യൻ ടീം സമനില നേടിയിരുന്നു.
മുഹമ്മദ് സിറാജിന്‍റെയും ജസ്പ്രീത് ബുംറയുടെയും ബൗളിങ് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. രണ്ടു ഇന്നിങ്സുകളിലായി ബുംറ എട്ടു വിക്കറ്റും സിറാജ് ഏഴു വിക്കറ്റും നേടി. ഇരുവരുടെയും തകർപ്പൻ ബൗളിങ്ങാണ് രണ്ടു ഇന്നിങ്സുകളിലും ആതിഥേയരെ ചെറിയ സ്കോറിലൊതുക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ഓപ്പണര്‍ എയ്ഡൻ മർക്രം സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കൻ നിരയിൽ മറ്റു ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. 103 പന്തുകൾ നേരിട്ട താരം 106 റൺസെടുത്താണു പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.