പത്താമൻ രോഹിത് ശർമ
text_fieldsദുബൈ: ഐ.സി.സിയുടെ ഏകദിന റാങ്കിംഗിൽ പത്താം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റിലും പത്താം സ്ഥാനത്തെത്തി. ഡൊമിനിക്ക ടെസ്റ്റിലെ സെഞ്ച്വറിക്ക് ശേഷമാണ് രോഹിത് ശർമ ആദ്യ പത്തിൽ തിരിച്ചെത്തിയത്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയിരുന്നു. 103 റൺസ് നേടിയ രോഹിതും 171 റൺസെടുത്ത അരങ്ങേറ്റക്കാരൻ യശസ്വി ജയ്‌സ്വാളുമാണ് വിജയം എളുപ്പമാക്കിയത്. ലോക റാങ്കിംഗിൽ ഋഷഭ് പന്തിനെ 11-ാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രോഹിത് പത്തിൽ സ്ഥാനമുറപ്പിച്ചത്. ഇപ്പോൾ ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരനാണ് രോഹിത്. വിരാട് കോഹ്‌ലി 14-ാം സ്ഥാനത്താണ്.
ഐ.പി.എല്ലിനിടെ കാൽമുട്ടിന് പരിക്കേറ്റ് സർജറി കഴിഞ്ഞിരിക്കുന്ന ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസൺ തന്നെയാണ് ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാത്തുള്ളത്. സെഞ്ച്വറിയോടെ ടെസ്റ്റിൽ അരങ്ങേറിയ യുവതാരം യശസ്വി ജയ്‌സ്വാൾ റാങ്കിംഗിൽ 73-ാം സ്ഥാനത്തേക്ക് കുതിച്ചു. ബൗളർമാരിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ തന്നെയാണ് ഒന്നാമത്. വിൻഡീസ് ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ രവീന്ദ്ര ജഡേജ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.
അതേസമയം, രോഹിത് ശർമ ഏകദിനത്തിലും റാങ്കിംഗിൽ പത്താമതാണ്. ശുഭ്മാൻ ഗിൽ അഞ്ചാമതും വിരാട് കോഹ്ലി എട്ടാമതുമാണ്. പാകിസ്താന്റെ ബാബർ അസമാണ് ഒന്നാമത്. ബൗളിങ്ങിൽ ഇന്ത്യയുടെ മുഹമ്മദ് സിറാജാണ് രണ്ടാമത്. ആസ്ട്രേലിയയുടെ ജോഷ് ഹസൽവുഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.