രോഹിത് ശർമക്ക് റെക്കോഡ്; ഐ.പി.എല്ലിൽ 6000 റൺസ് ക്ലബിൽ
text_fieldsമുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമക്ക് റെക്കോഡ്. ഐ.പി.എൽ ചരിത്രത്തിൽ 6000 റൺസ് നേടുന്ന നാലാമത്തെ ബാറ്ററായി ഹിറ്റ്മാൻ.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് താരം അപൂർവ നേട്ടം സ്വന്തമാക്കിയത്. വാഷിങ്ടൺ സുന്ദറിന്‍റെ പന്തിൽ ബൗണ്ടറിയിലൂടെ 14 റൺസിൽ എത്തിയപ്പോഴാണ് താരം 6000 റൺസ് ക്ലബിലെത്തിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലിയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. 228 മത്സരങ്ങളിൽനിന്ന് 6844 റൺസ്. അഞ്ചു സെഞ്ച്വറികളും 47 അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്.
പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാൻ (6477 റൺസ്), ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണർ (6109 റൺസ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് മുംബൈ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.
ഓപ്പണറായി ഇറങ്ങിയ രോഹിത് ആറു ഫോറടക്കം 18 പന്തിൽ നിന്ന് 28 റൺസ് നേടി മുംബൈക്ക് തകർപ്പൻ തുടക്കം നൽകി. ടി. നടരാജന്റെ പന്തിൽ എയ്ഡൻ മർക്രത്തിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.