ഓപ്പണിങ്ങിൽ സചിനെ മറികടന്ന് രോഹിത്; റെക്കോഡുമായി ഹിറ്റ്മാൻ
text_fieldsഇന്ത്യ-ശ്രിലങ്ക രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യ മത്സരത്തിലെ സമനിലക്ക് ശേഷം രണ്ടാം മത്സരം തോറ്റതോടെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമായിരിക്കുകയാണ്. ഇന്ത്യ രണ്ടാം ഏകദിനത്തിൽ തോറ്റെങ്കിലും നായകൻ രോഹിത് ശർമ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
241 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണിങ് ബാറ്ററായ രോഹിത് ശർമ മികച്ച തുടക്കമാണ് നൽകിയത്. തുടക്കം തൊട്ട് ആക്രമിച്ച് കളിച്ച രോഹിത് 44 പന്തിൽ നിന്നും 64 റൺസ് നേടിയാണ് കളം വിട്ടത്. മത്സരത്തിൽ അർധസെഞ്ച്വറി തികച്ചതോടെ സചിൻ ടെൻഡുൽക്കറുടെ ഒരു റെക്കോഡ് തകർത്തിരിക്കുകയാണ് രോഹിത് ശർമ.
ഇന്ത്യക്കായി ഓപ്പണിങ് പൊസിഷനിൽ കളിച്ചിട്ട് ഏറ്റവും കൂടുതൽ അർധസെഞ്ച്വറി തികച്ച താരമെന്ന റെക്കോഡാണ് രോഹിത് മാറ്റിക്കുറിച്ചത്. 120 ഫിഫ്റ്റിയായിരുന്നു സചിൻ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങി വ്യത്യസ്ത ഫോർമാറ്റിൽ നിന്നും നേടിയത്. ലങ്കക്കെതിരെ രണ്ട് മത്സരത്തിലും അർധസെഞ്ച്വറി സ്വന്തമാക്കിയതോടെ സചിനെ മറികടന്നിരിക്കുകയാണ് ഇന്ത്യൻ നായകൻ. 121 അർധസെഞ്ച്വറിയുമായി ഇന്ത്യൻ ഓപ്പണർമാരിൽ തലയുയർത്തി നിൽക്കുകയാണ് ഹിറ്റ്മാൻ. മൂന്ന് വ്യത്യസ്ത ഫോർമാറ്റിൽ നിന്നുമാണ് രോഹിത് ശർമ ഇത്രയും അർധസെഞ്ച്വറി നേടിയിരിക്കുന്നത്. 353 ഇന്നിങ്സാണ് രോഹിത് ശർമ ഓപ്പണറായി കളിച്ചതെങ്കിൽ സചിൻ 342 ഇന്നിങ്സാണ് കളിച്ചത്.
101 ഫിഫ്റ്റിയുമായി മൂന്നാം സ്ഥാനത്തുള്ളത് ഇതിഹാസ ഓപ്പണറായ സുനിൽ ഗവാസ്കറാണ്. അത്രയും തന്നെ അർധസെഞ്ച്വറിയുമായി നാലാമതുള്ളത് ഇന്ത്യയുടെ വെടിക്കെട്ട് വീരൻ വിരേന്ദർ സേവാഗും 79 എണ്ണവുമായി അഞ്ചാമതുള്ളത് ശിഖർ ധവാനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.