‘ടീമിന്‍റെ നല്ലതിനുവേണ്ടിയാണ് ഈ തീരുമാനം’; അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിങ് ഓർഡറിനെ കുറിച്ച് രോഹിത്
text_fieldsഅഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്കായി കെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും തന്നെ ബാറ്റിങ് ഓപ്പൺ ചെയ്യുമെന്ന് നായകൻ രോഹിത് ശർമ. താൻ മധ്യനിരയിൽ എവിടെയെങ്കിലും ബാറ്റിങ്ങിന് ഇറങ്ങുമെന്നും താരം വ്യക്തമാക്കി.
വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 9.30ന് അഡലെയ്ഡ് ഓവലിലാണ് മത്സരം. ആദ്യ ടെസ്റ്റിൽ കളിക്കാതിരുന്ന രോഹിത് ടീമിനൊപ്പം ചേർന്നതോടെ ഓപ്പണിങ് ബാറ്റിങ്ങിൽ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പെർത്ത് ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് രണ്ടാം ഇന്നിങ്സിൽ രാഹുലിന്‍റെയും ജയ്സ്വാളിന്‍റെയും 201 റൺസിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. 26, 77 എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ സ്കോർ. ഏറെക്കാലമായി രോഹിത്തും ജയ്സ്വാളുമാണ് ഇന്ത്യക്കായി ബാറ്റിങ് ഓപ്പൺ ചെയ്തിരുന്നത്.
രോഹിത്ത് തിരിച്ചെത്തിയതോടെ രാഹുൽ മധ്യനിരയിലേക്ക് മടങ്ങാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാട്ടിയത്. ‘കെ.എൽ. രാഹുൽ ഇന്നിങ്സ് ഓപ്പൺ ചെയ്യും. മധ്യനിരയിൽ എവിടെയെങ്കിലും ഞാൻ കളിക്കും. എളുപ്പമല്ലെങ്കിലും ടീമിന്റെ നല്ലതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം’ -രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് റിസൽറ്റും ജയവുമാണ് പ്രധാനം. പെർത്തിൽ ഇരുവരും നന്നായി ബാറ്റ് ചെയ്തു. വീട്ടിലിരുന്നാണ് ഞാൻ കളി കണ്ടത്. രാഹുലിന്‍റെ ബാറ്റിങ് മികച്ചതായിരുന്നു. ഈസമയം ആ സ്ഥാനം അർഹിക്കുന്നത് അദ്ദേഹമാണെന്നും രോഹിത് കൂട്ടിച്ചേർത്തു.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് താരം ഒന്നാം ടെസ്റ്റിൽനിന്ന് വിട്ടുനിന്നത്. ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നിരുന്നു. അഞ്ചു വർഷം മുമ്പാണ് രോഹിത് ഓപ്പണിങ് സ്ഥാനത്തേക്ക് എത്തുന്നത്. 42 ടെസ്റ്റുകളിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്ത ഹിറ്റ്മാൻ, ഒമ്പത് സെഞ്ച്വറികളടക്കം 2,685 റൺസെടുത്തിട്ടുണ്ട്. നേരത്തെ ഒമ്പത് ടെസ്റ്റുകളിൽ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ താരം മൂന്നു അർധ സെഞ്ച്വറിയടക്കം 437 റൺസാണ് എടുത്തത്.
ശുഭ്മൻ ഗിൽ മൂന്നിലും വിരാട് കോഹ്ലി നാലിലും ഋഷഭ് പന്ത് അഞ്ചിലും ബാറ്റിങ്ങിന് ഇറങ്ങുകയാണെങ്കിൽ രോഹിത് ആറാം നമ്പറിലേക്ക് മാറേണ്ടിവരും. അഡലെയ്ഡിലേത് പകൽ-രാത്രി മത്സരമാണ്. പിങ്ക് ബാൾ ടെസ്റ്റാണിതെന്ന പ്രത്യേകതയുമുണ്ട്.
പെർത്തിലെ ആദ്യ ഇന്നിങ്സിൽ 150 റൺസിന് ഓൾഔട്ടായ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ജയം പിടിച്ചെടുത്തത്. രണ്ടാം ഇന്നിങ്സിൽ 487 റൺസെന്ന വമ്പൻ സ്കോർ ഉയർത്തിയ ഇന്ത്യ ഓസ്ട്രേലിയയെ 238 റൺസിൽ പുറത്താക്കുകയായിരുന്നു. ജയ്സ്വാൾ 297 പന്തിൽ 161 നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.