കാത്തിരിപ്പിന് മൂന്നു വർഷം; രോഹിത് ഇന്ന് സെഞ്ച്വറി നേടുമോ?
text_fieldsഛത്തീസ്ഗഢ് തലസ്ഥാന നഗരമായ റായ്പൂരിലെ രാജ്യാന്തര ക്രിക്കറ്റ് മൈതാനത്ത് കന്നി രാജ്യാന്തര ഏകദിന പോരാട്ടത്തിന് വേദിയുണരുമ്പോൾ ഇന്ത്യൻ ജയത്തിനൊപ്പം ആരാധകർ കാത്തിരിക്കുന്നത് ക്യാപ്റ്റന്റെ സെഞ്ച്വറിത്തിളക്കത്തിന്. വിരാട് കോഹ്‍ലി അതിവേഗം റെക്കോഡുകൾ തിരുത്തി കുതിപ്പു തുടരുമ്പോഴും മൂന്നുവർഷമായി സെഞ്ച്വറി കണ്ടെത്താനാകാതെ വിഷമിക്കുകയാണ് രോഹിത് ശർമ. താരം അതിവേഗം മടങ്ങിയ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്സ് ഇന്ത്യയെ കൈപിടിക്കുകയായിരുന്നു.
നെറ്റ്സിൽ ബാറ്റിങ് പരിശീലനം കൂടുതൽ ഊർജിതമാക്കി ഇത്തവണയെങ്കിലും സെഞ്ച്വറിയിലെത്താനുള്ള ശ്രമത്തിലാണ് ക്യാപ്റ്റൻ രോഹിത്. ഗുവാഹതിയിൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ 83ൽ പുറത്തായ താരം ന്യൂസിലൻഡിനെതിരെ കൂടുതൽ കരുതലോടെ ബാറ്റുവീശിയാലേ ലക്ഷ്യം സാധ്യമാകൂ.
രാജ്യം സംഭാവന ചെയ്ത ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായിട്ടും രോഹിതിന്റെ ബാറ്റ് അടുത്തിടെ നിരന്തരം ചതിക്കുന്നത് ആരാധകരെ നിരാശയിലാഴ്ത്തുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ കുറിച്ച സെഞ്ച്വറിയാണ് രോഹിതിന്റെ അവസാന ശതകം. പിന്നീട് കളിച്ച മത്സരങ്ങളുടെ എണ്ണം അർധ സെഞ്ച്വറി പിന്നിട്ടെങ്കിലും മൂന്നക്കം മാത്രം പിറന്നിട്ടില്ല.
ഇന്ത്യൻ നിരയിൽ സൂര്യകുമാർ ഉൾപ്പെടെ പുതുമുഖങ്ങൾ കൂടുതൽ കരുത്തുകാട്ടുകയും ചെയ്യുന്നു. ആദ്യ ഏകദിനത്തിൽ ഇരട്ട ശതകം കുറിച്ച ശുഭ്മാൻ ഗിൽ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട സെഞ്ചൂറിയനായിരുന്നു. ഇന്നു ജയിച്ചാൽ ഇന്ത്യക്കു പരമ്പര നേടാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.