അശ്വിന്‍റെ വിരമിക്കലിൽ ഞെട്ടിത്തരിച്ച് കോഹ്ലിയും സഹതാരങ്ങളും; മുൻകൂട്ടി അറിഞ്ഞത് രോഹിത്തും ഗംഭീറും മാത്രം...
text_fieldsബ്രിസ്ബെയ്ൻ: ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിന്‍റെ വിരമിക്കലിനെ കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നത് നായകൻ രോഹിത് ശർമക്കും പരിശീലകൻ ഗൗതം ഗംഭീറിനും മാത്രം. സൂപ്പർതാരം വിരാട് കോഹ്ലിയും ടീമിന്‍റെ മുഖ്യ സെലക്ടർ അജിത് അഗാർക്കറും സഹാതരങ്ങളുമെല്ലാം ഞെട്ടലോടെയാണ് വിരമിക്കാനുള്ള അശ്വിന്‍റെ തീരുമാനം കേട്ടത്.
മൂന്നാം ടെസ്റ്റിനു പിന്നാലെ രോഹിത്തിനൊപ്പം മാധ്യമപ്രവർത്തകരെ കണ്ട്, ഇന്ത്യൻ ക്രിക്കറ്ററെന്ന നിലയിൽ ഇന്ന് തന്‍റെ അവസാന ദിനമാണെന്ന് പറയുമ്പോൾ ക്രിക്കറ്റ് ലോകം അവിശ്വസനിയതയോടെയാണ് അത് കേട്ടുനിന്നത്. ‘അശ്വിനൊപ്പം 14 വർഷമായി ക്രിക്കറ്റ് കളിക്കുന്നു. വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇന്ന് എന്നോടു പറഞ്ഞപ്പോൾ, ഞാൻ ഒരു നിമിഷം വികാരാധീനനായിപ്പോയി. താങ്കൾക്കൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങളുടെ ഓർമകൾ എന്റെ മനസ്സിലേക്കെത്തി‘ -എന്നാണ് കോഹ്ലി പ്രതികരിച്ചത്.
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഡ്രസിങ് റൂമിൽ കോഹ്ലി അശ്വിനെ ആശ്ലേഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പെർത്തിലെ ഒന്നാം ടെസ്റ്റിനിടെ തന്നെ അശ്വിന്‍റ വിരമിക്കലിനെ കുറിച്ച് കേട്ടിരുന്നതായി രോഹിത് പറയുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന രോഹിത് രണ്ടാം ടെസ്റ്റിനു തൊട്ടുമുമ്പായാണ് ആസ്ട്രേലിയയിൽ എത്തിയത്.
‘പെർത്തിലേക്ക് എത്തിയപ്പോഴാണ് ഇതേക്കുറിച്ച് ആദ്യം കേൾക്കുന്നത്. ഈ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ മൂന്ന്-നാല് ദിവസങ്ങളിൽ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. എന്തായാലും വിരമിക്കുന്ന കാര്യം അശ്വിന്റെ മനസ്സിൽ ആ സമയം മുതൽ ഉണ്ടായിരുന്നു. കളമൊഴിയുന്നതിന്റെ വൈകാരികമായ ബുദ്ധിമുട്ടുകളിൽനിന്ന് മോചിതനാകുമ്പോൾ അതേക്കുറിച്ച് അശ്വിൻ തന്നെ വിശദീകരിക്കുമെന്ന് കരുതുന്നു’ -രോഹിത് വ്യക്തമാക്കി.
ആസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയുടെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനമാണ് കളി നിർത്താൻ തീരുമാനിച്ചത്. സഹതാരങ്ങൾക്കും ബി.സി.സി.ഐക്കും നന്ദി പറഞ്ഞ അശ്വിൻ, ഇത് വൈകാരിക നിമിഷമാണെന്നും പറഞ്ഞു. 38കാരനായ അശ്വിൻ ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനാണ്. 106 ടെസ്റ്റുകളിൽ 537 ഇരകളെയാണ് ഈ ചെന്നൈക്കാരൻ വീഴ്ത്തിയത്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചെത്തിയ അശ്വിൻ ഐ.പി.എല്ലിൽ അടുത്ത സീസണ് ശേഷം വിരമിക്കുമെന്നാണ് സൂചന.
ക്രിക്കറ്റിന്റെ മുഴുവൻ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ അവസാന ദിനമാണ് ഇന്നെന്ന് ബുധനാഴ്ച ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം വാർത്തസമ്മേളനത്തിൽ കൂടെയെത്തിയ അശ്വിൻ പറഞ്ഞു. ഇന്ന് താരം ഇന്ത്യയിലേക്ക് തിരിക്കും. ഓസീസിനെതിരെ രണ്ടാം ടെസ്റ്റിൽ മാത്രമാണ് നിലവിലെ പരമ്പരയിൽ അശ്വിനെ കളിപ്പിച്ചത്. എൻജിനീയറിങ് ബിരുദമുള്ള അശ്വിൻ ടെസ്റ്റിൽ ആറു സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും സഹിതം 3503 റൺസ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.