ഇത് 190 റൺസ് പിച്ചാണെന്ന് കരുതുന്നില്ല...; തകർപ്പൻ ജയത്തിനു പിന്നാലെ ബൗളർമാരെ പ്രശംസിച്ച് രോഹിത്
text_fieldsഅഹ്മദാബാദ്: ലോകകപ്പിൽ പാകിസ്താനെതിരെ നേടിയ തകർപ്പൻ വിജയത്തിനു പിന്നാലെ ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് നായകൻ രോഹിത് ശർമ. ഇന്ത്യയുടെ ഏഴു വിക്കറ്റ് വിജയത്തിനു അടിത്തറയിട്ടത് ബൗളർമാരുടെ മിന്നും പ്രകടനമാണ്. ഒരു ഘട്ടത്തിൽ സ്കോർ 300 കടക്കുമെന്ന് തോന്നിച്ച പാകിസ്താനെ 191 റൺസിൽ ബൗളർമാർ എറിഞ്ഞൊതുക്കി.
രണ്ടു വിക്കറ്റിന് 155 റൺസ് എന്ന നിലയിൽനിന്നാണ് ടീം ഇന്നിങ്സ് 191 റൺസിൽ അവസാനിച്ചത്. 36 റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെയാണ് പാകിസ്താന്‍റെ ബാക്കിയുള്ള എട്ടു വിക്കറ്റുകൾ ഇന്ത്യ എറിഞ്ഞിട്ടത്. ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ജയമാണിത്. ശാർദൂൽ ഠാക്കൂർ ഒഴികെ പന്തെറിഞ്ഞ അഞ്ചു ഇന്ത്യൻ ബൗളർമാരും രണ്ടു വിക്കറ്റ് വീതം നേടി. ശാർദൂൽ രണ്ടു ഓവർ മാത്രമാണ് എറിഞ്ഞത്. ഏഴു ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് മത്സരത്തിലെ താരം.
‘ബൗളർമാരാണ് മത്സരം ഞങ്ങൾക്ക് അനുകൂലമാക്കിയത്. ഇത് 190 റൺസ് പിച്ചാണെന്ന് ഞാൻ കരുതുന്നില്ല. ഒരു ഘട്ടത്തിൽ, ഞങ്ങൾ 280 റൺസ് നേടുമെന്നാണ് കരുതിയത്. പന്തെറിഞ്ഞവരെല്ലാം അവരുടെ ജോലി കൃത്യമായി ചെയ്തു’ -മത്സരശേഷം രോഹിത് പറഞ്ഞു. പന്തെറിഞ്ഞ ആറു താരങ്ങളും ജോലി കൃത്യമായി ചെയ്തു. ക്യാപ്റ്റനെന്ന നിലയിൽ തന്‍റെ ജോലിയും അവിടെ നിർണായകമായിരുന്നു. സാഹചര്യങ്ങൾ മനസ്സിലാക്കി അതിനു അനുയോജ്യമായ താരങ്ങളെ കൊണ്ട് പന്തെറിയിക്കാനായെന്നും രോഹിത് കൂട്ടിച്ചേർത്തു.
ടീമിന്‍റെ ഈ പ്രകടനം ഇനിയുള്ള മത്സരങ്ങളിലും നിലനിർത്തുകയാണ് ഏറെ പ്രധാനമെന്നും രോഹിത് പറഞ്ഞു. 63 പന്തിൽ ആറു വീതം സിക്സും ഫോറുമടക്കം 86 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ബുംറയെ കൂടാതെ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജദേജ എന്നിവരും രണ്ടു വിക്കറ്റ് വീതം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.