'റെക്കോഡ് രോഹിത്'; സച്ചിനെയും മോർഗനയുമെല്ലാം മറികടന്ന് റെക്കോഡ് തൂക്കി ഇന്ത്യൻ നായകൻ
text_fieldsഇന്ത്യ-ശ്രിലങ്ക ആദ്യ ഏകദിന മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് നേടിയപ്പോൾ ഇന്ത്യ അതേ സ്കോറിൽ എല്ലാവരും പുറത്താകുകയായിരുന്നു. അവസാന 14 പന്തിൽ ഒരു റൺ വേണമെന്നിരിക്കെയാണ് അവസാന വിക്കറ്റായ അർഷ്ദീപ് സിങ് ഔട്ടായി മടങ്ങുന്നത്.
മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മികച്ച പ്രകടനം കാണുവാൻ സാധിച്ചിരുന്നു. ഒമ്പത് മാസങ്ങൾക്ക് ശേഷം ഏകദിനം കളിക്കാനെത്തിയെ രോഹിത് ശർമ ടി-20 സ്റ്റൈലിൽ ബാറ്റ് വീശിക്കൊണ്ട് 47 പന്തിൽ നിന്നും 58 റൺസ് സ്വന്തമാക്കിയിരുന്നു. ഏഴ് ഫോറും മൂന്ന് സിക്സറുമടങ്ങിയതായിരുന്നു രോഹിത്തിന്‍റെ ഇന്നിങ്സ്. ഈ ഇന്നിങ്സിൽ രണ്ട് റെക്കോഡ് മാറ്റിക്കുറിക്കുകയാണ് രോഹിത് ശർമ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമായി മാറുകയാണ് രോഹിത് ശർമ. മുൻ ഇംഗ്ലണ്ട് നായകൻ ~ഒയിൻ മോർഗനെ മറികടന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും നായകനായി 234 സിക്സറുകളാണ് രോഹിത് അടിച്ചുകൂട്ടിയത്. വെറും 124 മത്സരങ്ങളിലാണ് രോഹിത്തിന്‍റെ ഈ നേട്ടം. 198 മത്സരങ്ങളിൽ നിന്നും 233 സിക്സറായിരുന്നു മോർഗൻ നേടിയിരുന്നത്. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 232 മത്സരങ്ങളിൽ നിന്നും 211 സിക്സറുകൾ സ്വന്തമാക്കാൻ ധോണിക്ക് സാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഓപ്പണറെന്ന നിലയിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറി എന്ന റെക്കോഡും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. സച്ചിനൊപ്പം 120 അർധസെഞ്ച്വറിയാണ് അദ്ദേഹം നേടിയിട്ടുള്ളത്. ക്യാപ്റ്റൻ ആയതിന് ശേഷം മികച്ച ബാറ്റിങ് പ്രകടനമാണ് രോഹിത് ശർമ ഇന്ത്യക്കായി നടത്തുന്നത്.
ലങ്കക്കെതിരെയുള്ള രണ്ടാം മത്സരം ഞായറായഴ്ച 2.30ന് ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.