ഹാർദിക് പാണ്ഡ്യയെ ബൗണ്ടറിയിൽ ഫീൽഡിങ്ങിനയച്ച് രോഹിത് -വിഡിയോ വൈറൽ
text_fieldsമുംബൈ ഇന്ത്യൻസിന് ഇത്തവണ ഐ.പി.എല്ലിൽ കാര്യങ്ങൾ എളുപ്പമാവില്ലെന്നാണ് ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന സൂചന. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരം ആറ് റൺസിന് തോറ്റിരുന്നു. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 31 റൺസിന്‍റെ തോൽവിയാണ് വഴങ്ങിയത്. രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ടീമിന്‍റെ പുതിയ നായകനാക്കിയതിലുള്ള ആരാധകരുടെ കലിപ്പ് കെട്ടടങ്ങിയിരുന്നില്ല. ഇതിന് പുറമേ തുടർ തോൽവികൾ കൂടിയായതോടെ ആരാധകർ കട്ടക്കലിപ്പിലാണ്.
ആദ്യ മത്സരത്തിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാൻ പറഞ്ഞയച്ചത് ആരാധകർക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഹാർദിക്കിന്‍റെ അഹങ്കാരമാണിത് എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും കുറിച്ചത്. രോഹിത്തിനോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയിലാണ് പെരുമാറിയതെന്ന് ആരാധകർ കുറ്റപ്പെടുത്തി. രോഹിത്തിനെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാൻ അയക്കുന്ന വിഡിയോ വൈറലായിരുന്നു.
എന്നാൽ, ഇന്നലത്തെ മത്സരത്തോടെ ഹാർദിക് ഒന്നു മയപ്പെട്ടെന്നാണ് ആരാധകരുടെ ഭാഷ്യം. രോഹിത്തിൽ നിന്ന് നിർദേശങ്ങൾ വാങ്ങുന്ന ഹാർദിക് പാണ്ഡ്യയുടെ വിഡിയോകൾ രോഹിത് ആരാധകർ പങ്കുവെക്കുന്നുണ്ട്. ഇതിൽ പാണ്ഡ്യയെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാൻ രോഹിത് പറഞ്ഞയക്കുന്ന വിഡിയോയാണ് വൈറലായത്.
റൺമഴ പെയ്ത ഇന്നലത്തെ മത്സരത്തിൽ പൊരുതിയെങ്കിലും മുംബൈ പരാജയപ്പെടുകയായിരുന്നു. സൺറൈസേഴ്സ് ഉയർത്തിയ 278 എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്കാർ 31 റൺസ് അകലെ അടിയറവ് പറഞ്ഞു. സ്കോർ: സൺറൈസേഴ്സ് 277/3 (20 ഓവർ). മുംബൈ ഇന്ത്യൻസ് 246/5 (20 ഓവർ). ഇരു ടീമും ചേർന്ന് 523 റൺസാണ് സ്കോർ ചെയ്തത്. ആദ്യമായാണ് ഐ.പി.എല്ലിൽ 500ലേറെ റൺസ് പിറക്കുന്നത്. ആകെ 38 സിക്സറുകളാണ് മത്സരത്തിൽ പിറന്നത്. സൺറൈസേഴ്സ് 18 സിക്സറുകൾ പറത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ മുംബൈ 20 സിക്സറുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.