രോഹിത് ശര്‍മയും ഇനി ഹര്‍മന്‍പ്രീത് കൗറിന് പിന്നിൽ; ചരിത്ര നേട്ടത്തിൽ ഇന്ത്യൻ താരം
text_fieldsകേപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകപ്പില്‍ അയർലൻഡിനെതിരെ കളത്തിലിറങ്ങിയതോടെ ചരിത്ര നേട്ടത്തില്‍ ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. അന്താരാഷ്ട്ര ട്വന്റി 20യിൽ 150 മത്സരങ്ങള്‍ കളിച്ച ആദ്യ താരമെന്ന നേട്ടമാണ് ഇന്ത്യക്കാരിയെ തേടിയെത്തിയത്. 148 മത്സരങ്ങളില്‍ ഇന്ത്യന്‍ ട്വന്റി 20 ടീമിനായി ഇറങ്ങിയ രോഹിത് ശര്‍മയെ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ തന്നെ താരം പിന്നിലാക്കിയിരുന്നു.
വനിതകളിൽ 143 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സാണ് രണ്ടാമത്. 115 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ വനിതാ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് മൂന്നാമത്. ഇത്രയും മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹര്‍മന്‍പ്രീത് പ്രതികരിച്ചു. ''ഈയൊരു നിമിഷത്തിന് ഒരുപാട് മാനങ്ങളുണ്ട്. എന്റെ സഹതാരങ്ങളില്‍നിന്ന് മികച്ച പിന്തുണ ലഭിക്കുന്നു. ബി.സി.സി.ഐയോടും ഐ.സി.സിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു'' താരം പറഞ്ഞു.
വനിത ക്രിക്കറ്റില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന നേട്ടവും ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കി. വനിതകളില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് ഹര്‍മന്‍പ്രീത്. ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് (3820) ആസ്‌ട്രേലിയയുടെ മെഗ് ലാന്നിങ് (3346), വെസ്റ്റ് ഇൻഡീസിന്റെ സ്‌റ്റെഫാനി ടെയ്‌ലര്‍ (3166) എന്നിവരാണ് 3000 പിന്നിട്ട മറ്റു വനിതകള്‍. പുരുഷ താരങ്ങളില്‍ വിരാട് കോഹ്‍ലിയാണ് 3000 പിന്നിട്ട ആദ്യ ഇന്ത്യന്‍ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.