പത്ത് വിക്കറ്റ് തോൽവി; നാണക്കേടിന്‍റെ പട്ടികയിൽ കോഹ്ലിക്കും ധോണിക്കുമൊപ്പം ഇനി രോഹിത്തും!
text_fieldsഅഡലെയ്ഡ്: അഡലെയ്ഡിലെ പിങ്ക് ബാൾ ടെസ്റ്റിൽ പത്തു വിക്കറ്റിന്‍റെ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യൻ നായകൻ രോഹിത് ശർമ, വിരാട് കോഹ്ലിയും എം.എസ്. ധോണിയും ഉൾപ്പെടുന്ന നാണക്കേടിന്‍റെ പട്ടികയിലും ഇടംപിടിച്ചു.
പകൽ-രാത്രി ടെസ്റ്റിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽകൂടി ഓസീസ് തെളിയിച്ചു. ഓൾ റൗണ്ട് പ്രകടനം നടത്തിയാണ് പെർത്തിലെ തോൽവിക്ക് പാറ്റ് കമ്മിൻസും സംഘവും അഡലെയ്ഡിൽ പകരം വീട്ടിയത്. രണ്ടു ഇന്നിങ്സിലും ഇന്ത്യയുടെ ബാറ്റിങ് തകർന്നടിഞ്ഞു. അതിൽതന്നെ വെറ്ററൻ താരങ്ങളായ രോഹിത്തിന്‍റെയും കോഹ്ലിയുടെയും മോശം പ്രകടനം എടുത്തുപറയേണ്ടതാണ്. 180, 175 എന്നിങ്ങനെയാണ് ഇരു ഇന്നിങ്സുകളിലെയും ഇന്ത്യയുടെ സ്കോർ.
കഷ്ടിച്ചാണ് ഇന്നിങ്സ് തോൽവിയിൽനിന്ന് ഇന്ത്യ രക്ഷപ്പെട്ടത്. നിതീഷ് കുമാർ റെഡ്ഡിയും ഋഷഭ് പന്തും മാത്രമാണ് ബാറ്റിങ്ങിൽ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യയുടെ തോൽവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിലും വലിയ മാറ്റമുണ്ടാക്കി. ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. എറിഞ്ഞ പന്തുകളുടെ കണക്കെടുത്താൽ ഇന്ത്യയും ഓസീസും തമ്മിലുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം കൂടിയാണിത്. രോഹിത്തിനു കീഴിൽ തുടർച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യ പരാജയപ്പെടുന്നത്.
നേരത്തെ, നാട്ടിൽ നടന്ന ന്യൂസിലൻഡിനെതിരായ മൂന്നു ടെസ്റ്റ് പരമ്പരകളിലും രോഹിത്തും സംഘവും സമ്പൂർണ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിനു മുമ്പ് കോഹ്ലി, ധോണി, ദത്ത ഗെയ്ക്വാദ്, സചിൻ ടെണ്ടുൽക്കർ, മൻസൂർ അലി ഖാൻ പട്ടൗഡി എന്നിവർക്കു കീഴിലാണ് ഇന്ത്യ തുടർച്ചയായി നാലു ടെസ്റ്റുകളിൽ പരാജയം അറിഞ്ഞത്. കോഹ്ലി ടീമിനെ നയിക്കുന്ന സമയത്ത്, 2020 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരെ രണ്ടു ടെസ്റ്റുകളും പിന്നാലെ അഡലെയ്ഡിൽ പിങ്ക് ബാൾ ടെസ്റ്റും 2021ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
രണ്ടാം ഇന്നിങ്സിൽ 175 റൺസിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാൻ 19 റൺസ് മതിയായിരുന്നു. ഓപ്പണർമാരായ നഥാൻ മക്സ്വീനെയും (12 പന്തിൽ 10) ഉസ്മാൻ ഖ്വാജയും (എട്ടു പന്തിൽ ഒമ്പത്) അനായാസം ആതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.