രോഹിത് ട്വൻറി20 നായകനാവുമെന്ന് റിപ്പോർട്ട്; ഏകദിന ടീം നായകസ്ഥാനത്തും വൈകാതെ മാറ്റം
text_fieldsന്യൂഡൽഹി: നവംബർ 17നു തുടങ്ങുന്ന ന്യൂസിലൻഡിനെതിരായ ട്വൻറി20, ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ അടുത്ത ദിവസം പ്രഖ്യാപിച്ചേക്കും. ലോകകപ്പിനു പിന്നാലെ ട്വൻറി20 ടീമിെൻറ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി നേരത്തേ പ്രഖ്യാപിച്ചതിനാൽ രോഹിത് ശർമയാവും പുതിയ നായകനെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിലെ മോശം പ്രകടനം കണക്കിലെടുത്ത് ടീമിൽ കാര്യമായ അഴിച്ചുപണിയുണ്ടാവുമെന്നാണ് സൂചന. ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും രണ്ടു ദിവസത്തിനകം സെലക്ഷൻ കമ്മിറ്റിയുമായി ചർച്ച നടത്തിയാവും ടീം പ്രഖ്യാപനം.
സീസണിൽ ഉടൻ ഏകദിന മത്സരങ്ങളില്ലാത്തതിനാൽ ഏകദിന ടീം നായകസ്ഥാനത്ത് ഇപ്പോൾ മാറ്റമുണ്ടാവാനിടയില്ല. എന്നാൽ, ട്വൻറി20യിലെ നായകനെതന്നെ ഏകദിനത്തിലും പരിഗണിക്കണമെന്നതാണ് ബി.സി.സി.ഐ നിലപാട്. അതിനാൽ, അധികം വൈകാതെ അതും രോഹിതിനെ തേടിയെത്തുമെന്നാണറിയുന്നത്.വിരാട് കോഹ്ലിയടക്കമുള്ള ചില സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയായിരിക്കും ട്വൻറി20 ടീം പ്രഖ്യാപനമെന്നാണ് സൂചന. മറ്റു ചില താരങ്ങൾക്ക് ടെസ്റ്റ് ടീമിൽനിന്നും വിശ്രമം നൽകിയേക്കും.
ലോകകപ്പിലടക്കം സമീപകാലത്ത് ഫോമും ഫിറ്റ്നസും ഏറെ മോശമായ ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും ട്വൻറി20 ടീമിൽനിന്ന് പുറത്തായേക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഋതുരാജ് ഗെയ്ക്വാദ്, വെങ്കിടേഷ് അയ്യർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചഹൽ തുടങ്ങിയവർക്ക് അവസരം ലഭിച്ചേക്കും. ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചഹാർ തുടങ്ങിയവരും തിരിച്ചെത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.