ഐ.പി.എല്ലിൽ കോഹ്ലിയുടെ അപൂർവ റെക്കോഡ് മറികടക്കാൻ രോഹിത്തിന് അഞ്ചു റൺസ് മതി...
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ഇന്ന് കളിക്കാനിറങ്ങുമ്പോൾ ഹിറ്റ്മാൻ രോഹിത് ശർമ ഒരു അപൂർവ റെക്കോഡിനരികിലാണ്. അഞ്ച് റൺസ് കൂടി നേടിയാൽ സൂപ്പർതാരം വിരാട് കോഹ്ലിയെ മറികടന്ന് ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാനാകും. ഡൽഹിയിലെ അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിലാണ് മുംബൈയുടെ സീസണിലെ ഒമ്പതാം മത്സരം.
ഇരുവരും നടപ്പു സീസണിൽ നേർക്കുനേർ വരുന്നത് ഇത് രണ്ടാം തവണയാണ്. ഡൽഹിക്കെതിരെ ഇതുവരെ 28 ഐ.പി.എൽ മത്സരങ്ങൾ കളിച്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം കോഹ്ലി, 1030 റൺസ് നേടിയിട്ടുണ്ട്. ഡൽഹിക്കെതിരെ 34 മത്സരങ്ങളിൽനിന്നായി രോഹിത്തിന്‍റെ റൺ സമ്പാദ്യം 1026 ആണ്. അഞ്ച് റൺസ് കൂടി നേടിയാൽ രോഹിത്തിന് കോഹ്ലിയെ മറികടന്ന് ഒന്നാമതെത്താനാകും. ഡൽഹിക്കെതിരെ അയിരത്തിലധികം റൺസ് നേടിയത് ഇരുവരും മാത്രമാണ്. മൂന്നാമതുള്ള അജിങ്ക്യ രഹാനെയുടെ പേരിലുള്ളത് 858 റൺസാണ്.
ആറു അർധ സെഞ്ച്വറികളാണ് രോഹിത്തിന്‍റെ പേരിലുള്ളത്. 49 സിക്സുകളും നേടിയിട്ടുണ്ട്. ഒരു സിക്സ് കൂടി നേടിയാൽ താരത്തിന്‍റെ സിക്സറുടെ എണ്ണം 50 ആകും. ഡൽഹിക്കെതിരെ 50 സിക്സുകൾ നേടുന്ന ആദ്യതാരമാകാനും രോഹിത്തിനാകും. സീസണിൽ ഡൽഹിക്കെതിരെ മുംബൈയിൽ നടന്ന മത്സരത്തിൽ 27 പന്തിൽ രോഹിത് 49 റൺസ് നേടിയിരുന്നു. ഇന്നത്തെ മത്സരത്തിൽ 51 റൺസ് നേടിയാൽ ഐ.പി.എല്ലിലെ റൺവേട്ടക്കാരിൽ ഓസീസ് താരം ഡേവിഡ് വാർണറെ മറികടന്ന് മൂന്നാമത് എത്താനുമാകും. വാർണർ ഇതുവരെ 6564 റൺസാണ് നേടിയത്. 251 മത്സരങ്ങളിൽനിന്ന് 36കാരനായ രോഹിത്തിന്‍റെ പേരിലുള്ളത് 6514 റൺസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.