ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിൽ അതൃപ്തി; സീസണൊടുവിൽ മുംബൈ വിടാനൊരുങ്ങി രോഹിത്!
text_fieldsമുംബൈ: ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ മുൻ നായകൻ രോഹിത് ശർമ അത്ര സന്തോഷവാനല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഐ.പി.എൽ 2024 സീസണൊടുവിൽ രോഹിത് മുംബൈ ഇന്ത്യൻസ് വിടുമെന്നും അഭ്യൂഹങ്ങളുണ്ട്.
2011 മുതൽ മുംബൈ ടീമിനൊപ്പമുള്ള രോഹിത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച റെക്കോഡുള്ള ക്യാപ്റ്റന്മാരിലൊരാളാണ്. അഞ്ചു തവണയാണ് ടീമിന് കിരീടം നേടികൊടുത്തത്. ടീമിന്‍റെ ടോപ് റൺ സ്കോററും ഏറ്റവും കൂടുതൽ മത്സരം കളിച്ച താരവും കൂടിയാണ്. 201 മത്സരങ്ങളിൽനിന്നായി ഇതുവരെ 5110 റൺസാണ് രോഹിത്തിന്‍റെ സമ്പാദ്യം. സീസണു മുന്നോടിയായി അപ്രതീക്ഷിതമായാണ് രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റുന്നത്. പകരം ഗുജറാത്ത് ടൈറ്റൻസിൽനിന്ന് റെക്കോഡ് തുകക്ക് ടീമിലെത്തിച്ച ഹാർദിക്കിന് നായക പദവി നൽകി.
മുംബൈയുടെ തീരുമാനം വലിയ ആരാധക രോഷത്തിനിടയാക്കി. സീസണിൽ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ മുംബൈ പോയന്‍റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. ഹാർദിക്കിനെ കൂവി വിളിച്ചാണ് ആരാധകർ വരവേൽക്കുന്നത്. ടീമിന്‍റെ ദയനീയ പ്രകടനത്തിന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നതും ഹാർദിക്കിനെ തന്നെയാണ്. ഇതിനിടെയാണ് ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിൽ രോഹിത്തിനും കടുത്ത അതൃപ്തിയുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നത്.
ടീമിലെ ഒരു സഹതാരമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ന്യൂസ്24 റിപ്പോർട്ട് ചെയ്തു. ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയെ ചൊല്ലി ഡ്രസ്സിങ് റൂമിലടക്കം പ്രശ്നങ്ങളുണ്ടായതായും റിപ്പോർട്ട് പറയുന്നു. ടീമിലെ പല തീരുമാനങ്ങളെയും ചൊല്ലി ഇരുവരും തർക്കം പതിവാണ്. ഇത് ടീമിന്‍റെ കെട്ടുറപ്പിനെ മൊത്തത്തിൽ ബാധിക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽതന്നെ ടീം അംഗങ്ങൾക്കിടയിൽ സ്വരചേർച്ചയില്ലാത്തത് പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.