ഋഷഭ് പന്ത് എന്നൊരു താരം ടീമിൽ ഉണ്ടായിരുന്നു! ഇംഗ്ലണ്ട് താരത്തിന് രോഹിത്തിന്‍റെ കിടിലൻ മറുപടി
text_fieldsധർമശാല: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം വ്യാഴാഴ്ച ഹിമാചൽ പ്രദേശിലെ ധർമശാലയിൽ നടക്കും. പരമ്പര 3-1ന് സ്വന്തമാക്കിയ ഇന്ത്യ അവസാന ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ടിനുമേൽ വ്യക്തമായ ആധിപത്യം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ധർമശാലയിൽ ജയം നേടി തോൽവിഭാരം കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബെൻ സ്‌റ്റോക്‌സും സംഘവും. അതേസമയം, അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പേ ഇംഗ്ലണ്ട് ബാറ്റർ ബെൻ ഡക്കറ്റിന് ഇന്ത്യൻ നായകൻ രോഹിത് ശർമ കിടിലൻ മറുപടി നൽകിയിരിക്കുകയാണ്. യുവതാരം യശസ്വി ജയ്സ്വാളിന്‍റെ ആക്രമണ ബാറ്റിങ് ശൈലിയെ കുറിച്ചുള്ള ഡക്കറ്റിന്‍റെ പരാമർശമാണ് രോഹിത്തിനെ ഇത്തരമൊരു മറുപടിക്ക് പ്രേരിപ്പിച്ചത്. രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റർമാർ, പ്രത്യേകിച്ച് ജയ്സ്വാൾ ആക്രമണ ബാറ്റിങ് പുറത്തെടുത്തതിന്‍റെ ക്രെഡിറ്റ് ഇംഗ്ലണ്ട് ടീമിന് അവകാശപ്പെട്ടതാണെന്നായിരുന്നു ഡക്കറ്റിന്‍റെ പരാമർശം.
ഡക്കറ്റ് ഋഷഭ് പന്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ടാകില്ലെന്നും അതുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തിയതെന്നും രോഹിത് ശർമ പറഞ്ഞു. ‘ഋഷഭ് പന്ത് എന്നൊരു താരം ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കളി ബെൻ ഡക്കറ്റ് കണ്ടിരിക്കാൻ സാധ്യതയില്ല’ -അഞ്ചാം ടെസ്റ്റിനു മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ രോഹിത് ശർമ പ്രതികരിച്ചു. മിന്നുംഫോമിലുള്ള ജയ്സ്വാൾ പരമ്പരയിലെ ടോപ് സ്കോറർ കൂടിയാണ്. നാല് മത്സരങ്ങളിൽനിന്ന് 655 റൺസാണ് താരം നേടിയത്.
23 സിക്സുകളാണ് ഇതിനകം താരം അടിച്ചെടുത്തത്. ഒരു ടെസ്റ്റ് പരമ്പരയിൽ 20ലധികം സിക്സുകൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ (12 സിക്സുകൾ) പാക് മുൻ താരം വാസിം അക്രമത്തിന്‍റെ റെക്കോഡിനൊപ്പം എത്താനുമായി. ‘എതിർനിരയിലെ താരങ്ങൾ ഇങ്ങനെ കളിക്കുമ്പോൾ കുറച്ചു ക്രെഡിറ്റ് നമുക്കും എടുക്കാമെന്നു തോന്നുന്നു. മറ്റുള്ളവര്‍ കളിക്കുന്നതു പോലെയല്ല ഈ ടീം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്’ -എന്നാണ് ഡക്കറ്റ് പ്രതികരിച്ചത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈനും ഡക്കറ്റിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. യശസ്വി ആരെയും കണ്ടു പഠിച്ചതല്ലെന്നും കഴിവെല്ലാം സ്വയം ഉണ്ടാക്കിയതാണെന്നുമായിരുന്നു ഹുസൈന്‍റെ മറുപടി.
അഞ്ചാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ഓൾ റൗണ്ടർ ഒലീ റോബിൻസണിന് പകരം പേസർ മാർക്ക് വുഡ് ടീമിൽ തിരിച്ചെത്തി. ഇന്ത്യൻ ടീമിൽ പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തും. കർണാടകയുടെ മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റ ടെസ്റ്റ് കളിക്കുമെന്നാണ് പുറത്തുവരുന്നു വിവരം. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും കെ.എൽ. രാഹുലും അഞ്ചാം ടെസ്റ്റിലും കളിക്കില്ല.
കേപ്ടൗണിലെ ന്യൂലാൻഡ്സ് ആണ് ഇഷ്ട സ്റ്റേഡിയമെങ്കിലും ധർമശാലയിലെ എച്ച്.പി.സി.എ സ്റ്റേഡിയം പോലെ മനോഹരം മറ്റൊന്നല്ലെന്ന് നൂറാം ടെസ്റ്റിന് തയാറെടുക്കുന്ന ജോണി ബെയർസ്റ്റോ പറഞ്ഞു. ഇന്ത്യൻ വെറ്ററൻ സ്പിന്നർ ആർ. അശ്വിനും നൂറാം ടെസ്റ്റാണിത്.
ഇംഗ്ലണ്ട് ടീം: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്‌റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഫോക്‌സ്, ടോം ഹാർട്‌ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ, ശുഐബ് ബഷീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.