രാഹുലിനെ മാറ്റി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് രോഹിത്; മൂന്ന് റണ്‍സുമായി പുറത്ത്, പരമ്പയില്‍ 22 റണ്‍സ്!
text_fieldsമെല്‍ബണ്‍: നാലാം ടെസ്റ്റില്‍ ആസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടരുകയാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കെ.എല്‍. രാഹുലിനെ മൂന്നാം നമ്പരിലേക്ക് മാറ്റി, നായകന്‍ രോഹിത് ശര്‍മയാണ് ഇന്ന് ഇന്ത്യക്കായി ബാറ്റിങ് ആരംഭിച്ചത്. ക്യാപ്റ്റന്‍സിയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന താരം, ബാറ്റിങ്ങിലും ഇന്ന് പരാജയമായി. നേരിട്ട അഞ്ചാം പന്തില്‍, സ്‌കോട്ട് ബോളന്‍ഡിന് ക്യാച്ച് നല്‍കി രോഹിത് കൂടാരം കയറി. മൂന്ന് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പരമ്പയിലാകെ ഇതുവരെ കളിച്ച നാല് ഇന്നിങ്‌സില്‍നിന്ന് 22 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്.
രണ്ടാം ഓവറില്‍തന്നെ രോഹിത് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. മോശം ഫോം തുടരുന്ന രോഹിതിന്റെ ക്യാപ്റ്റന്‍സിയിലും വിമര്‍ശം നേരിടുന്നതിനിടെയാണ് വീണ്ടും നിരാശപ്പെടുത്തിയത്. ഫീല്‍ഡിങ് സെറ്റ് ചെയ്യുന്നതും നിര്‍ണായക വേളയില്‍ ബളര്‍മാരെ തെരഞ്ഞെടുക്കുന്നതിലും അടക്കമുള്ള കാര്യങ്ങളില്‍ സമീപകാലത്ത് രോഹിത് മോശം തീരുമാനം സ്വീകരിക്കുന്നതായുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് ബാറ്റിങ്ങിലും തുടര്‍ച്ചയായി പരാജയപ്പെടുന്നത്. പരമ്പക്കു ശേഷം താരം ക്യാപ്റ്റന്‍സി ഒഴിയാന്‍ നിര്‍ബന്ധിതനാകുമെന്നും അഭ്യഹങ്ങളുണ്ട്.
ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 474 പിന്തുടരുന്ന ഇന്ത്യ 14 ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 50 എന്ന നിലയിലാണ്. 22 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 24 റണ്‍സുമായി രാഹുലുമാണ് ക്രീസില്‍. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യയും രണ്ടാമത്തേത് ഓസീസും നേടി. മൂന്നാം മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ 1-1 എന്ന നിലയിലാണ് ഇപ്പോള്‍. ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്കും പരമ്പരയില്‍ താളംകണ്ടെത്താനായിട്ടില്ല.
ബാറ്റിങ്ങിലെ മറ്റൊരു പ്രതീക്ഷയായ ഋഷഭ് പന്തിന് പരമ്പരയില്‍ ഇതുവരെ ഒരു അര്‍ധശതകം പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെന്നതും ഇന്ത്യക്ക് ആശങ്കയാകുന്നു. ബോക്സിങ് ഡേയില്‍ ഒമ്പത് ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ അഞ്ചിലും തോറ്റതാണ് ചരിത്രം. രണ്ടെണ്ണത്തില്‍ ജയിക്കുകയും അത്രയെണ്ണം സമനിലയില്‍ പിരിയുകയും ചെയ്തു. ഇത്തവണ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാം, ഒപ്പം ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയും.
ഓസീസ് 474ന് പുറത്ത്
സ്റ്റീവ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 34-ാം സെഞ്ച്വറി കണ്ടെത്തിയ മത്സരത്തില്‍ 474 റണ്‍സാണ് ആസ്‌ട്രേലിയ അടിച്ചെടുത്തത്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബൂഷെയ്ന്‍ (72) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജദേജ മൂന്നും വിക്കറ്റുകള്‍ നേടി.
ടീം ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജദേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ടീം ആസ്ട്രേലിയ: ഉസ്മാന്‍ ഖ്വാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.