തകർപ്പൻ അർധസെഞ്ച്വറി; രോഹിത് സ്വന്തമാക്കിയത് രണ്ട് റെക്കോഡുകൾ
text_fieldsമുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിനായി തകർപ്പൻ അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ സ്വന്തമാക്കിയത് രണ്ട് റെക്കോഡുകൾ. മത്സരത്തിൽ 37 പന്തിൽ ഒരു സിക്സും എട്ട് ഫോറുമടക്കം 56 റൺസടിച്ച താരം ഐ.പി.എല്ലില്‍ ഏതെങ്കിലുമൊരു ടീമിനായി 5000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 7162 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയാണ് രോഹിതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിനൊപ്പം പുരുഷ ട്വന്റി 20 ക്രിക്കറ്റില്‍ 11000 റണ്‍സ് പിന്നിട്ട രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിതിനെ തേടിയെത്തി. 11864 റണ്‍സ് നേടിയ കോഹ്‍ലിയാണ് ഇക്കാര്യത്തിലും രോഹിതിന് മുന്നിലുള്ളത്. ട്വന്റി 20 ക്രിക്കറ്റില്‍ 11000 റണ്‍സ് ക്ലബിലെത്തിയ ഏഴാം പുരുഷ ക്രിക്കറ്ററാണ് രോഹിത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് 20 ഓവറിൽ അടിച്ചെടുത്തത്. 83 റൺസെടുത്ത മായങ്ക് അഗർവാളിന്റെയും 69 റൺസെടുത്ത വിവ്റാന്റ് ശർമയുടെയും ബാറ്റിങ്ങാണ് കൊൽക്കത്തക്ക് മികച്ച സ്കോർ സമ്മാനിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി കാമറൂൺ ഗ്രീൻ 47 പന്തിൽ 100 റൺസടിച്ച് വിജയം എളുപ്പമാക്കുകയായിരുന്നു. രോഹിതിന്റെ അർധ സെഞ്ച്വറിക്ക് പുറമെ 16 പന്തിൽ 25 റൺസടിച്ച് പുറത്താകാതെ നിന്ന സൂര്യകുമാർ യാദവും തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.