ഹീറോ ആകേണ്ട...! സർഫറാസിനോട് വിരൽചൂണ്ടി രോഹിത് -വിഡിയോ വൈറൽ
text_fieldsറാഞ്ചി: നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ ഗ്രൗണ്ടിൽ അരങ്ങേറിയ രസകരമായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. യുവതാരം സർഫറാസ് ഖാൻ കാണിച്ച അമിതാവേശത്തിന് നായകൻ രോഹിത് ശർമ മുന്നറിയിപ്പ് നൽകുന്നതാണ് രംഗം.
ഇംഗ്ലണ്ട് താരം ശുഐബ് ബഷീർ ബാറ്റ് ചെയ്യുന്നതിനിടെ താരത്തെ സമ്മർദത്തിലാക്കുന്നതിന്‍റെ ഭാഗമായി സില്ലി പോയന്‍റിൽ സർഫറാസിനോട് ഫീൽഡ് ചെയ്യാൻ രോഹിത് പറഞ്ഞു. അപകടം പിടിച്ച സ്ഥലത്ത് ഹെൽമറ്റ് ധരിക്കാതെ ഫീൽഡ് ചെയ്യാനായിരുന്നു സർഫറാസിന്‍റെ നീക്കം. ഇത് രോഹിത്തിന്‍റെ ശ്രദ്ധയിൽപെട്ടതോടെ താരത്തോട് ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെടുന്നതാണ് രംഗം.
‘ഭായ്, ഹീറോ ആകേണ്ട’ എന്ന് സർഫറാസിനോട് വിരൽചൂണ്ടിയാണ് രോഹിത് മുന്നറിയിപ്പ് നൽകിയത്. അപകടം പിടിച്ചുള്ള സ്ഥാനത്ത് ഫീൽഡ് ചെയ്യുമ്പോൾ ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് താരം അത്രമാത്രം ബോധവാനായിരുന്നില്ല. പിന്നാലെ സർഫറാസിന് സഹതാരങ്ങളിലൊരാൾ ഗ്രൗണ്ടിലെത്തി ഹെൽമറ്റ് കൈമാറി. ഇത് ധരിച്ചശേഷമാണ് താരം സില്ലി പോയന്‍റിൽ ഫീൽഡ് ചെയ്തത്.
ഫീൽഡിൽ സഹതാരങ്ങളുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുന്ന രോഹിത്തിന്‍റെ ഈ പ്രവർത്തിയെ കൈയടിച്ചാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. നിമിഷങ്ങൾക്കകമാണ് ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. 46 റൺസിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് 145 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനും നാല് വിക്കറ്റ് വീഴ്ത്തിയ കൂൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്.
നിലവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തിട്ടുണ്ട്. 37 റൺസെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 52 റൺസുമായി രോഹിത്തും മൂന്നു റൺസുമായി ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. ഇന്ത്യക്ക് ജയിക്കാൻ ഇനിയും 100 റൺസ് കൂടി വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.