'വന്ന വഴി മറക്കില്ല ഒരിക്കലും മറക്കില്ല' വിരാട് കോഹ്ലിക്ക് നന്ദി പറഞ്ഞ് രോഹിത് ശർമ
text_fieldsഇതിഹാസ താരവും മുൻ ഇന്ത്യൻ നായകനുമായ വിരാട് കോഹ്ലിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. കോഹ്ലിയോടൊപ്പം മുൻ കോച്ച് രവി ശാസ്ത്രിക്കും രോഹിത് നന്ദി അറിയിക്കുന്നുണ്ട്. ടെസ്റ്റിൽ തന്നെ ഓപ്പണർ ആക്കിയതിനാണ് രോഹിത് ഇരുവർക്കും നന്ദി പറയുന്നത്. ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായകൻ.
'ടെസ്റ്റ് കരിയറിന്റെ തുടക്കത്തിൽ എനിക്ക് ചില തിരിച്ചടികൾ നേരിട്ടിരുന്നു. എന്നിട്ടും എന്നെ ഓപണർ സ്ഥാനത്തേയ്ക്ക് നിയോഗിച്ചത് വിരാട് കോഹ്‍ലിയും രവി ശാസ്ത്രിയുമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥാനക്കയറ്റം നൽകുന്നത് എളുപ്പമല്ല. എന്നാൽ കോഹ്‍ലിയും ശാസ്ത്രിയും എന്റെ കഴിവിൽ വിശ്വസിച്ചു . രോഹിത് ശർമ പറയുന്നു.
'എന്നോട് ഒരു പരിശീലന മത്സരം കളിക്കാൻ ഇരുവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഞാൻ പുറത്തായി. അപ്പോൾ എനിക്ക് ഇനി അവസരമില്ലെന്ന് കരുതി. ഇനി ലോവർ ഓഡറിലെ ബാറ്റ് ചെയ്യാൻ കഴിയൂ എന്ന് ഞാൻ കരുതി. ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. അതിനുള്ള അവസരം അവർ നൽകുകയും ചെയ്തു.
രവി ഭായ്ക്ക് ഞാൻ മുമ്പ് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ ഓപണിങ് ഇറങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 2015ൽ തന്നെ ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ ഓപണറുടെ റോളിൽ എത്തണമെന്നായിരുന്നു രവി ശാസ്ത്രി ആഗ്രഹിച്ചിരുന്നത്. എന്നാൽ അന്ന് എനിക്ക് അത്തരമൊരു തീരുമാനം എടുക്കാൻ കഴിയില്ലായിരുന്നു,' രോഹിത് ശർമ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറാകുന്നതിന് മുമ്പ് ഒരു ശരാശരി അല്ലെങ്കിൽ അതിലും താഴെ നിൽക്കുന്ന താരം മാത്രമായിരുന്നു രോഹിത് ശർമ. എന്നാൽ അതിന് ശേഷം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാകാനും പിന്നീട് ഇന്ത്യൻ ടീമിന്‍റെ നായകനാകാനും രോഹിത്തിന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.