സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ ‘ഔട്ട്’; ബുംറ ടീമിനെ നയിക്കും; ഗില്ലും പ്രസിദ്ധ് കൃഷ്ണയും കളിക്കും
text_fieldsസിഡ്നി: ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ലെന്ന് റിപ്പോർട്ട്.
പകരം ജസ്പ്രീത് ബുംറയാകും ഇന്ത്യൻ ടീമിനെ നയിക്കുക. ശുഭ്മൻ ഗിൽ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തും. യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുലാകും ഓപ്പൺ ചെയ്യുക. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. വെള്ളിയാഴ്ച സിഡ്നിയിലാണ് ടെസ്റ്റ് ആരംഭിക്കുന്നത്. മോശം ഫോമിനെ തുടർന്ന് രോഹിത് തന്നെ ടീമിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതായാണ് വിവരം. ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്താനും ലോക ടെസ്റ്റ് ചാമ്പിൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താനും അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
വ്യാഴാഴ്ച ഫീൽഡിങ് പരിശീലനത്തിനിടെ ബുംറയുമായി ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഏറെനേരം സംസാരിക്കുന്നുണ്ടായിരുന്നു. ഈസമയം നെറ്റ്സിൽ ബാറ്റിങ് പരിശീലനത്തിലായിരുന്നു രോഹിത്. പതിവുള്ള സ്ലിപ് പരിശീലന സെഷനിലും താരം പങ്കെടുത്തില്ല. ഇതെല്ലാം രോഹിത് സിഡ്നി ടെസ്റ്റിനുള്ള ടീമിലുണ്ടാകില്ലെന്ന സൂചനയാണ് നൽകുന്നത്. പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത്തിന്‍റെ അഭാവത്തിൽ ബുംറയാണ് ടീമിനെ നയിച്ചത്. പരമ്പരയിൽ ഇന്ത്യ 295 റൺസ് ജയിച്ചു. പരമ്പരയിൽ ഇന്ത്യ ജയിച്ച ഏക മത്സരവും ഇതായിരുന്നു. രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് ടീമിനൊപ്പം ചേർന്നത്.
രോഹിത് നയിച്ച മൂന്നു ടെസ്റ്റുകളിൽ രണ്ടിലും ടീം പരാജയപ്പെട്ടു. ഒരു ടെസ്റ്റിൽ നേരിയ വ്യത്യാസത്തിനാണ് ഫോളോ ഓണും തോൽവിയും ഒഴിവാക്കിയത്. മത്സര തലേന്ന് നടക്കുന്ന പതിവ് വാർത്തസമ്മേളനത്തിൽ രോഹിത് ശർമ പങ്കെടുക്കാത്തതും സംശയത്തിനിടയാക്കി. രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഗംഭീര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് ഗംഭീർ മറുപടി നല്‍കിയത്. അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.
അതേസമയം, സിഡ്‌നിയില്‍ ജയിച്ച് പരമ്പര നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ അഞ്ചാം ടെസ്റ്റിൽനിന്ന് ഒഴിവാകാനുള്ള സന്നദ്ധത ഗംഭീറിനെയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെയും അറിയിച്ചതായാണ് വിവരം. പരമ്പരയിൽ അഞ്ചു ഇന്നിങ്സുകളിലായി വെറും 31 റൺസാണ് രോഹിത്തിന്‍റെ സമ്പാദ്യം. ആസ്ട്രേലിയൻ മണ്ണിൽ ഒരു എതിർ ടീം ക്യാപ്റ്റന്റെ ഏറ്റവും കുറഞ്ഞ ബാറ്റിങ് ശരാശരിയാണ് രോഹിത്തിന്റെ 6.20. അഡലെയ്ഡിലും ബ്രിസ്‌ബെയ്‌നിലും ആറാം നമ്പറിലാണ് രോഹിത് ഇറങ്ങിയത്. മെല്‍ബണില്‍ ഓപ്പണറായി മടങ്ങിയെത്തിയിട്ടും രക്ഷയുണ്ടായില്ല.
സിഡ്‌നി ടെസ്റ്റോടെ രോഹിത് വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതോടെ സജീവമായി. ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും രോഹിത്തിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റും അതൃപ്തരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.