രോഹിത് ശർമ ആർ.സി.ബിയിലേക്ക്? മുൻ ബംഗളൂരു താരം ഡിവില്ലിയേഴ്സിന് പറയാനുള്ളത് ഇതാണ്...
text_fieldsബംഗളൂരു: ഐ.പി.എൽ മെഗാ താരലേലം നടക്കാനിരിക്കെ, താരങ്ങളുടെ കൂടുമാറ്റവുമായി ബന്ധപ്പെട്ട പലവിധ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിലൊന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമയെ ചുറ്റിപ്പറ്റിയാണ്.
രോഹിത് മുംബൈ ഇന്ത്യൻസ് വിടുന്നതുമായി ബന്ധപ്പെട്ട് ഏറെനാളായി വാർത്തകൾ പുറത്തുവരുന്നുണ്ട്. ഹാർദിക് പാണ്ഡ്യ നായകനായി മുംബൈയിൽ എത്തിയതോടെയാണ് ടീമിൽ അസ്വാരസ്യങ്ങൾ രൂപപ്പെടുന്നത്. അതുവരെ ടീമിനെ നയിച്ചിരുന്നു രോഹിത്തിനെ മറ്റി ഹാർദിക്കിനെ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്ത് അവരോധിച്ചതിൽ ആരാധകർക്കിടയിലും വലിയ പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.
പുതിയ സീസണിൽ മുംബൈയിൽ രോഹിത് ഉണ്ടാകില്ലെന്ന് അന്നുതൊട്ടേ പറഞ്ഞു കേൾക്കുന്നതാണ്. എന്നാൽ, ഹിറ്റ്മാൻ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളെ ചുറ്റിപ്പറ്റിയാണ് രോഹിത്തിന്‍റെ പേര് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിനിടെയാണ് രോഹിത് ബംഗളൂരുവിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളോട് ആർ.സി.ബിയുടെ മുൻ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ എബി ഡിവില്ലിയേഴ്സ് പ്രതികരിച്ചിരിക്കുന്നത്.
അങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കിൽ അത് വലിയ വാർത്താ തലക്കെട്ടാകുമെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. ‘രോഹിത്തിന്‍റെ പ്രതികരണം കേട്ട് ഞാൻ ഒരുപാട് ചിരിച്ചു. രോഹിത് മുംബൈ ഇന്ത്യൻസിൽനിന്ന് ആർ.സി.ബി.യിലേക്ക് മാറിയാൽ അതൊരു സംഭവം തന്നെയാകും. വാർത്താ തലക്കെട്ടുകൾ ഒന്ന് സങ്കൽപിച്ചു നോക്കൂ. ഹാർദിക് പാണ്ഡ്യയുടെ വരവിനേക്കൾ വലിയ വാർത്തയാകും. ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ഹാർദിക്കിന്‍റെ മുംബൈയിലേക്കുള്ള മടങ്ങി വരവ് അപ്രതീക്ഷിതമായിരുന്നില്ല’ - യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് പറഞ്ഞു.
ചിരവൈരികളായ ആർ.സി.ബിയിലേക്ക് മുംബൈയിൽനിന്ന് രോഹിത് പോകുമെന്ന് തോന്നുന്നില്ല. രോഹിത്തിനെ മുംബൈ ഒഴിവാക്കാനുള്ള സാധ്യതയൊന്നുമില്ല. അതിന് പൂജ്യം സാധ്യത മാത്രമാണെന്നും താരം കൂട്ടിച്ചേർത്തു. കരിയറിന്‍റെ സയാഹ്നത്തിലാണെങ്കിലും തന്‍റെ ബാല്യകാല സുഹൃത്ത് ഫാഫ് ഡുപ്ലെസിസ് ബംഗളൂരുവിൽ തുടരുമെന്നും ടീമിനെ നയിക്കുമെന്നും മുൻ ദക്ഷിണാഫ്രിക്രൻ നായകൻ കൂട്ടിച്ചേർത്തു.
വയസ്സ് ഒരു നമ്പർ മാത്രമാണ്. അദ്ദേഹം 40ലേക്ക് കടക്കുന്നത് ഒരു പ്രശ്നമായി കാണുന്നില്ല. ടീമിന് കിരീടം നേടാനാകാത്തതിൽ ഡുപ്ലെസിസിനുമേൽ വലിയ സമ്മർദമുണ്ടെന്നതാണ് ശരിയാണ്. പക്ഷേ അദ്ദേഹം ഒരു അസാധരണ കളിക്കാരൻ തന്നെയാണെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. മെഗാ താരലേലത്തിനു മുന്നോടിയായി ടീമുകൾക്ക് പരമാവധി ആറു താരങ്ങളെ വരെ ടീമിൽ നിലനിർത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.