‘റെഡ് ബാളിൽ ഫോം കണ്ടെത്താനാകുന്നില്ല’; ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് രോഹിത് ശർമ വിട്ടുനിന്നേക്കും
text_fieldsരോഹിത് ശർമ
ന്യൂഡൽഹി: വരുന്ന ജൂണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ട്. റെഡ് ബാൾ ക്രിക്കറ്റിൽ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനിൽക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ആസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം ഫോമിനെ തുടർന്ന് താരത്തിന് വൻ വിമർശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയർ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ രോഹിത്തിന്‍റെ അബാവത്തിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതൽ ടീമിനൊപ്പം ചേർന്ന രോഹിത് മൂന്ന് മത്സരങ്ങളിൽ 6.2 ശരാശരിയിൽ 31 റൺസ് മാത്രമാണ് നേടിയത്. സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽനിന്ന് താരം സ്വയം മാറിനിന്നു. പെർത്തിൽ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തിൽ വലിയ വിമർശനമുയരുകയും ചെയ്തു.
സിഡ്നി ടെസ്റ്റിൽനിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോർമാറ്റിൽനിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയർന്നു. എന്നാൽ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി. തനിക്ക് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ മാറിനിന്നതാണെന്നും വിരമിക്കാൻ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങൾ മാറുമെന്നും കമന്‍ററി ബോക്സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്‍റെ ജീവിതത്തിന്‍റെ ഗതി നിർണയിക്കുന്നതെന്നും താരം പറഞ്ഞു.
ആസ്ട്രേലിയയിൽനിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലിൽ രോഹിത്തിന്‍റെ ബാറ്റിൽനിന്ന് പിറന്ന 76 റൺസ് ഇന്ത്യൻ ജയത്തിൽ നിർണായകമായി. വിരാടാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്ട്രേലിയക്കെതിരെ 84 റൺസുമടിച്ചു. ഇംഗ്ലണ്ടിൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യൻ സംഘം പോകുന്നത്. ജൂൺ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്സിലും തുടർന്നുള്ള മത്സരങ്ങൾ എജ്ബാസ്റ്റൻ, ലോർഡ്സ്, ഓൾഡ് ട്രാഫോർഡ്, കെന്നിങ്ടൺ ഓവൽ എന്നിവിടങ്ങളിലും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.