ബി.സി.സി.ഐയുടെ ടെസ്റ്റ് പ്ലാനിൽനിന്ന് രോഹിത് ‘ഔട്ട്’; കോഹ്ലിയുടെ ഭാവി സെലക്ടർമാർ തീരുമാനിക്കും
text_fieldsമുംബൈ: രോഹിത് ശർമയുടെ റെഡ് ബാൾ ക്രിക്കറ്റ് കരിയറിന് അവസാനമാകുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ ഇനി ഇടമില്ലെന്ന് ബി.സി.സി.ഐ രോഹിത്തിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രോഹിത്തിനെ ഇനി ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കില്ല. അങ്ങനെയെങ്കിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മെൽബണിൽ നടന്ന നാലാം ടെസ്റ്റ് താരത്തിന്‍റെ അവസാന ടെസ്റ്റ് മത്സരമാകും. മോശം ഫോമിലുള്ള താരം സിഡ്നി ടെസ്റ്റിൽ കളിക്കുന്നില്ല. താരം സ്വയം മാറി നിന്നതാണെന്നും അല്ല, പരിശീലകൻ ഗൗതം ഗംഭീർ രോഹിത്തിനെ മാറ്റിയതാണെന്നും പറയുന്നു.
ജസ്പ്രീത് ബുംറയാണ് അഞ്ചാം ടെസ്റ്റിൽ ടീമിനെ നയിക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ അഞ്ചു ഇന്നിങ്സുകളിലായി 3, 6, 10, 3, 9 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്കോറുകൾ. 6.2 ശരാശരിയിൽ മൊത്തം 31 റൺസ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 37കാരനായ രോഹിത് ഇനി ഇന്ത്യയുടെ ടെസ്റ്റ് ജഴ്സിയിൽ കാണാൻ സാധ്യത കുറവാണ്. ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയാലും രോഹിത്തിന് ഇനി അവസരം നൽകേണ്ടതില്ലെന്നാണ് സെലക്ടർമാരുടെ തീരുമാനം. ബുംറ ടീമിനെ നയിക്കും. ഇക്കാര്യത്തിൽ ഗംഭീറിന്റെ നിലപാടും നിർണായകമായി.
അതേസമയം, സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ ടെസ്റ്റ് ഭാവിയെ കുറിച്ച് സെലക്ടർമാർ താരവുമായി ചർച്ച നടത്തും. പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ച്വറി മാറ്റിനിർത്തിയാൽ, ഓസീസിനെതിരെ കോലിയുടെ പ്രകടനം ശരാശരിക്കും താഴെയാണ്. ബാക്കി ഏഴ് ഇന്നിങ്‌സുകളിൽനിന്ന് 67 റൺസ് മാത്രമാണ് താരം നേടിയത്. സിഡ്നി ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിലും ഓസീസിന്റെ ഓഫ് സ്റ്റമ്പ് ട്രാപ്പിന് മുന്നിൽ കോഹ്ലി വീണു. സ്കോട്ട് ബോളണ്ട് ഓഫ് സൈഡിന് പുറത്തേക്കെറിഞ്ഞ പന്തിന് കോഹ്ലി ബാറ്റ് വെച്ചപ്പോൾ പന്ത് സ്ലിപ്പിലുണ്ടായിരുന്ന അരങ്ങേറ്റക്കാരൻ വെബ്സ്റ്റർ കൈപ്പിടിയിലൊതുക്കി.
പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ ഏഴു ഇന്നിങ്സുകളിലും താരത്തിന്റെ വിക്കറ്റ് പോയത് സമാനമായ രീതിയിൽ ഓഫ് സൈഡ് ബാളിന് ബാറ്റ് വെച്ചാണ്. ഓഫ് സൈഡ് ബാളുകൾ പൂർണമായി ലീവ് ചെയ്യുന്നതടക്കം ആലോചിക്കാൻ വിരാടിന് മുൻ താരങ്ങളടക്കം നിർദേശം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. 2024 കലണ്ടർ വർഷം 10 ടെസ്റ്റ് മത്സരങ്ങളിൽ 19 ഇന്നിങ്സുകളിൽനിന്നായി 419 റൺസ് മാത്രമാണ് താരം നേടിയത്. 24 റൺസാണ് ബാറ്റിങ് ആവറേജ്. ഒരു സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും മാത്രം. ടീമിലെ മറ്റൊരു സീനിയർ താരമായ രവീന്ദ്ര ജദേജ ടീമിൽ തുടരട്ടെയെന്നാണ് സെലക്ടർമാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.