രണ്ട് റൺ അകലെ രോഹിത്തിനെയും കോഹ്‌ലിയെയും കാത്തിരിക്കുന്നത് ഏകദിനത്തിലെ അപൂർവ റെക്കോഡ്
text_fieldsദശാബ്ദത്തിലേറെയായി ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിന്റെ നെടുംതൂണുകളാണ് സൂപ്പർ ബാറ്റർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും. രണ്ടു റൺ കൂടി നേടിയാൽ ഈ ബാറ്റിങ് ജോഡികളെ കാത്തിരിക്കുന്നത് ഏകദിന ക്രിക്കറ്റിലെ അപൂർവ റെക്കോഡാണ്.
ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. നിലവിൽ ഓരോ മത്സരവും ജയിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ മൂന്നാമത്തെ മത്സരം ഇരുവർക്കും നിർണായകമാണ്. ജയിക്കുന്നവർക്ക് പരമ്പര. ഒന്നാമത്തെ മത്സരത്തിൽ നായകൻ രോഹിത് ശർമ കളിച്ചിരുന്നില്ല. ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ രണ്ടാം ഏകദിനത്തിൽ 13 റൺസുമായി താരം പുറത്തായി.
നാല്, 31 എന്നിങ്ങനെയാണ് കോഹ്ലിയുടെ രണ്ടു മത്സരങ്ങളിലെ സമ്പാദ്യം. ഇരുവരും ഏകദിന ക്രിക്കറ്റിൽ നിരവധി വ്യക്തിഗത റെക്കോഡുകൾ തകർത്തവരാണ്. എന്നാൽ, ഇരുവർക്കും ബാറ്റിങ് ജോഡികളെന്ന നിലയിൽ ഏകദിന ക്രിക്കറ്റിൽ ചരിത്ര റെക്കോഡ് കുറിക്കാനുള്ള സുവർണാവസരമാണ് ബുധനാഴ്ചത്തെ മത്സരം. ഏകദിനത്തിൽ അതിവേഗം 5000 റൺസ് തികക്കുന്ന ബാറ്റിങ് ജോഡികളെന്ന നേട്ടം കൈവരിക്കാൻ ഇരുവർക്കും രണ്ടു റൺ മതി.
85 ഇന്നിങ്സുകളിൽനിന്നായി ഇരുവരും ഒരുമിച്ച് നേടിയത് 4998 റൺസാണ്. അതും 62.47 ശരാശരിയിൽ. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ 60ലധികം ശരാശരിയിൽ 4000ത്തിലധികം റൺസ് നേടിയ ഒരേയൊരു ജോഡിയാണ് ഇരുവരും. ഇതിൽ 18 സെഞ്ച്വറി കൂട്ടുകെട്ടുകളും ഉൾപ്പെടും. മൂന്നാം ഏകദിനത്തിൽ രണ്ട് റൺ കൂടി നേടിയാൽ, 97 ഏകദിന ഇന്നിങ്സുകളിൽ 5000 തികച്ച വെസ്റ്റിൻഡീസ് ഇതിഹാസങ്ങളായ ഗോർഡൻ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ൻസ് എന്നീ ബാറ്റിങ് ജോഡികളുടെ റെക്കോഡ് ഇരുവർക്കും മറികടക്കാനാകും.
104 ഏകിദനങ്ങളിൽനിന്നായി മാത്യ ഹെയ്ഡൻ-ആദം ഗിൽക്രിസ്റ്റ് ജോഡികളും 105 ഏകദിനങ്ങളിൽനിന്നായി തിലകരത്നെ ദിൽഷൻ-കുമാർ സംഗക്കാരെ ജോഡികളും 5000 റൺസ് നേടിയിട്ടുണ്ട്. നിലവിൽ അതിവേഗം 5000 റൺസ് പിന്നിട്ട ഇന്ത്യൻ ജോഡികളിലും രോഹിത്തുണ്ട്. ശിഖർ ധവാനൊപ്പം 112 ഇന്നിങ്സുകളിലാണ് ഈ നേട്ടം കൈവരിച്ചത്.
ഏകദിനത്തിൽ 5000 റൺസ് തികക്കുന്ന ആദ്യ ഓപ്പണിങ് അല്ലാത്ത ഇന്ത്യൻ ജോഡി എന്ന റെക്കോഡും രോഹിത്-കോഹ്ലി സഖ്യത്തിന് സ്വന്തമാകും. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ജോഡികളുടെ ലോക റെക്കോർഡ് സചിൻ ടെണ്ടുൽക്കറിനും സൗരവ് ഗാംഗുലിക്കും സ്വന്തമാണ്. 176 ഇന്നിങ്സുകളിൽനിന്ന് 8227 റൺസാണ് ഇരുവരുടെയും സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.