ഇന്ത്യ ബംഗ്ലാദേശിനെതിരെ; ബ്രയാൻ ലാറയെ മറികടക്കാൻ ഇന്ത്യൻ സൂപ്പർ ബാറ്റർമാർ!
text_fieldsലോകകപ്പിൽ ഇന്ത്യ വ്യാഴാഴ്ച അയൽക്കാരായ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. നാലാം മത്സരവും ജയിച്ച് പോയന്‍റ് ടേബിളിലെ മേധാവിത്വം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
നിലവിൽ മൂന്നു മത്സരങ്ങളിൽനിന്ന് ആറു പോയന്‍റുമായി ഇന്ത്യയാണ് ഒന്നാമത്. ഇന്ത്യൻ നായകൻ രോഹിത് ശർമ മികച്ച ഫോമിലാണ്. ആസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ഹിറ്റ്മാൻ, അഫ്ഗാനെതിരായ മത്സരത്തിൽ 84 പന്തിൽ 131 റൺസും പാകിസ്താനെതിരെ 86 റൺസും നേടി. തകർപ്പൻ പ്രകടനത്തോടെ ലോകകപ്പ് മത്സരങ്ങളിൽ താരത്തിന്‍റെ സമ്പാദ്യം 1195 റൺസായി.
20 ഇന്നിങ്സുകളിൽനിന്നാണ് താരം ഇത്രയും റൺസ് നേടിയത്. ലോകകപ്പ് ചരിത്രത്തിൽ റൺവേട്ടക്കാരിൽ നിലവിൽ രോഹിത് ഏഴാം സ്ഥാനത്താണ്. 29 മത്സരങ്ങളിൽനിന്ന് 1186 റൺസുമായി വിരാട് കോഹ്ലി തൊട്ടുപിന്നാലെയുണ്ട്. 49.41 ആണ് കോഹ്ലിയുടെ ശരാശരി. എട്ടു അർധ സെഞ്ച്വറിയും രണ്ടു സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്. ഇരുവർക്കും തൊട്ടുമുന്നിലായി മുൻ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ്. 33 ഇന്നിങ്സുകളിൽനിന്നായി 1225 റൺസ്. റൺവേട്ടക്കാരിൽ ലാറ നാലാം സ്ഥാനത്താണ്.
1207 റൺസുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സാണ് ലാറക്ക് പിന്നിലുള്ളത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ രോഹിത്തും കോഹ്ലിയും ലാറയെയും ഡിവില്ലിയേഴ്സിനെയും മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബംഗ്ലാദേശ് നായകൻ ശാകിബുൽ ഹസനും റൺവേട്ടക്കാരുടെ എലീറ്റ് പട്ടികയിലുണ്ട്. 32 ഇന്നിങ്സുകളിൽനിന്നായി 1201 റൺസാണ് താരം ഇതുവരെ നേടിയത്.
ബാറ്റിങ്ങിന് അനുകൂലമായ പുണെയിലെ എം.സി.എ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. അതുകൊണ്ടു തന്നെ ലോകകപ്പ് റൺവേട്ടക്കാരുടെ നിലവിലെ പട്ടികയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.