രോഹിത് ഇന്ത്യൻ ടീമിന്‍റെ നായക പദവി ഒഴിയും; അവകാശവാദവുമായി മുൻ ബാറ്റിങ് ഇതിഹാസം
text_fieldsബ്രിസ്ബെയ്ൻ: ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരക്കു പിന്നാലെ രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നായക പദവി ഒഴിയുമെന്ന് സൂചന നൽകി മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. പരമ്പരയിലെ ബാക്കി രണ്ടു ടെസ്റ്റുകളിലും മോശം ബാറ്റിങ് തുടർന്നാൽ രോഹിത് നായക സ്ഥാനം രാജിവെക്കുമെന്നാണ് ഗവാസ്കറിന്‍റെ അവകാശവാദം.
നാട്ടിൽ ന്യൂസിലൻഡിനു മുന്നിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലും രോഹിത് ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയിരുന്നു. അതിനു തൊട്ടു മുമ്പ് ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റിലും താരത്തിന് തിളങ്ങാനായില്ല.കരിയറിലെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഓസീസ് പരമ്പരയിൽ താരം ഫോമിലേക്ക് തിരിച്ചെത്തുമെന്ന ആരാധകരുടെ പ്രതീക്ഷയും തെറ്റി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഒന്നാം ടെസ്റ്റിൽ താരം കളിച്ചിരുന്നില്ല. തുടർന്ന് രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലുമായി മൂന്നു ഇന്നിങ്സുകൾ കളിച്ച താരത്തിന്‍റെ സമ്പാദ്യം 19 റൺസ് മാത്രമാണ്.
മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 റൺസിനു പുറത്തായതിനു പിന്നാലെ നിരാശനായി മൈതാനം വിട്ട രോഹിത്, ഗ്ലൗസ് ഡഗ് ഔട്ടിനു സമീപം പരസ്യബോർഡിനു പിന്നിലായി ഗ്ലൗസ് ഉപേക്ഷിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വിരമിക്കൽ പ്രഖ്യാപനത്തിന്റെ സൂചനയാണെന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചു. കെ.എൽ. രാഹുൽ ഓപ്പണിങ്ങിലേക്ക് വന്നതോടെ അഡ്‌ലെയ്ഡിലും ബ്രിസ്ബെയ്നിലും മധ്യനിരയിലാണ് രോഹിത് കളിച്ചത്, കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.
മെൽബണിലെയും സിഡ്നിയിലെയും ടെസ്റ്റിലും തിളങ്ങാനായില്ലെങ്കിൽ അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിനു കാത്തുനിൽക്കാതെ രോഹിത് ഇന്ത്യയുടെ നായക പദവി ഒഴിയുമെന്നാണ് ഗവാസ്കർ പറയുന്നത്. ‘ഏതാനും മത്സരങ്ങൾ കൂടി കളിക്കാനുള്ള അവസരം രോഹിത് ശർമക്കു ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നിട്ടും സ്കോർ കണ്ടെത്താനായില്ലെങ്കിൽ ഒടുവിൽ അദ്ദേഹം തന്നെ സ്വയം പദവി ഒഴിയുമെന്നാണ് എനിക്ക് തോന്നുന്നത്’ -ഗവാസ്കർ എ.ബി.സി സ്പോർട്ട് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രോഹിത് മനസ്സാക്ഷിയുള്ള ഒരു ക്രിക്കറ്റ് കളിക്കാരനാണ്, ടീമിന് ഒരു ഭാരമാകാൻ അദ്ദേഹം അഗ്രഹിക്കില്ല. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് ഗൗരവായി ചിന്തിക്കുന്നയാളാണ് രോഹിത്തെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. കഴിഞ്ഞ 13 ഇന്നിങ്സുകളിൽനിന്നായി രോഹിത് ഒരു അർധ സെഞ്ച്വറിയടക്കം 152 റൺസ് മാത്രമാണ് നേടിയത്. 11.81 ആണ് ശരാശരി.
പരമ്പരയിൽ രോഹിത്തിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ടും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. അഡ്‌ലെയ്ഡിലും ബ്രിസ്ബെയ്നിലും സെഞ്ച്വറി നേടിയ ഓസീസ് താരം ട്രാവിസ് ഹെഡ്ഡിനെതിരായ രോഹിത്തിന്റെ ഫീൽഡിങ് വിന്യാസം കടുത്ത വിമർശനങ്ങൾക്ക് കാരണമായി. കൂടാതെ, മൂന്നാം ടെസ്റ്റിൽ ടോസ് നേടിയിട്ടും ഫീൽഡിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനവും ആരാധക രോഷത്തിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.