രോഹിത് ശർമയുടെ നടപടി ഇന്ത്യൻ പതാകയോടുള്ള അനാദരമെന്ന്; പ്രൊഫൈൽ ഫോട്ടോ മാറ്റിയതിന് പിന്നാലെ വിവാദം
text_fieldsമുംബൈ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ രണ്ടാമതും കിരീടമണിയിച്ച വീരനായകനാണ് രോഹിത് ശർമ. ഐ.സി.സി ട്രോഫിക്കായുള്ള ഇന്ത്യയുടെ 11 വർഷത്തെ കാത്തിരിപ്പിനാണ് ജൂൺ 29ന് ബാർബഡോസിൽ വിരാമമായത്. ദക്ഷിണാഫ്രിക്കയെ തോൽപിച്ച് കിരീടം നേടി രാജ്യത്ത് തിരിച്ചെത്തിയ ടീമിന് വൻ സ്വീകരണമാണ് ആരാധകരിൽനിന്ന് ലഭിച്ചത്. എന്നാൽ, ലോകകപ്പ് നേടിയ ആവേശത്തിൽ നായകൻ രോഹിത് ശർമ ഇന്ത്യൻ പതാകയെ അപമാനിച്ചെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗമിപ്പോൾ.
കഴിഞ്ഞ ദിവസം മാറ്റിയ എക്സ് പ്രൊഫൈൽ ഫോട്ടോയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ രോഹിത് ഇന്ത്യൻ പതാക നാട്ടുന്ന ചിത്രമാണ് പ്രൊഫൈലാക്കിയത്. എന്നാൽ, രോഹിത് പതാക കുത്തുമ്പോൾ നിലത്ത് തട്ടുന്നെന്നും ഇത് പതാകയെ അപമാനിക്കലാണെന്നുമാണ് വാദം. ദേശീയ പതാക മനഃപൂർവം നിലത്തോ തറയിലോ വെള്ളത്തിലോ തൊടാൻ പാടില്ലെന്ന 1971ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമം ചൂണ്ടിക്കാട്ടിയാണ് പലരുടെയും വിമർശനം. ഇതിനുള്ള ശിക്ഷയെ കുറിച്ചും ചിലർ ഓർമിപ്പിക്കുന്നുണ്ട്.
ലോകകപ്പ് വിജയത്തിന്റെ മധുരമുള്ള ഓർമകൾ നൽകുന്ന നിരവധി ചിത്രങ്ങൾ ഉള്ളപ്പോൾ രോഹിത് ഇൗ ചിത്രം പ്രൊഫൈലാക്കിയത് എന്തിനാണെന്നും ചോദ്യമുണ്ട്. ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയുടെ മേധാവിത്തം കാണിക്കുകയായിരിക്കും രോഹിത്തിന്റെ ഉദ്ദേശ്യമെങ്കിലും ആ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം കൂടി പ്രതീകവത്കരിക്കുന്നതിനാൽ ഇതൊരു വിദേശരാജ്യത്ത് ചെയ്യുന്നത് ഉചിതമല്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് പിച്ചിലെ മണ്ണ് രുചിക്കുന്നത് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇതിനുള്ള കാരണം വിശദീകരിച്ച് താരം തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. ‘ഞങ്ങൾക്ക് എല്ലാം നൽകിയ ആ പിച്ചിലേക്ക് പോകുമ്പോൾ എനിക്കുണ്ടായ വികാരമെന്തെന്ന് നിങ്ങൾക്കറിയുമോ... ഞങ്ങൾ ആ പിച്ചിൽ കളിച്ചു, ജയിച്ചു. ആ ഗ്രൗണ്ടും പിച്ചും ഞാൻ ജീവിതത്തിൽ എന്നും ഓർക്കും. അതുകൊണ്ട് അതിന്റെ ഒരു ഭാഗം എന്നോടൊപ്പം ഉണ്ടാകാൻ ഞാൻ ആഗ്രഹിച്ചു. ആ നിമിഷങ്ങൾ വളരെ വളരെ സവിശേഷമാണ്. ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ച സ്ഥലമാണത്. എനിക്ക് അതിൽ എന്തെങ്കിലും വേണമായിരുന്നു. അതിനു പിന്നിലെ വികാരം അതായിരുന്നു’ - എന്നിങ്ങനെയായിരുന്നു ബി.സി.സി.ഐ പോസ്റ്റ് ചെയ്ത വിഡിയോയില്‍ രോഹിത് വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.