‘പറഞ്ഞ് ബോധ്യപ്പെടുത്തുന്നത് ശ്രമകരം’; ധോണി ട്വന്‍റി20 ലോകകപ്പ് കളിക്കുമോയെന്നതിന് രോഹിത്തിന്‍റെ രസികൻ മറുപടി
text_fieldsമുംബൈ: ഒന്നരമാസം മാത്രം അകലെ നിൽക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ കുറിച്ചുള്ള ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ സജീവം. ടീമിൽ ആരൊക്കെയുണ്ടാകുമെന്നതിൽ പലവിധ അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. നായകൻ രോഹിത് ശർമക്കൊപ്പം സൂപ്പർ താരം വിരാട് കോഹ്ലി ഓപ്പണിങ് ചെയ്യുമെന്നുവരെ ഊഹാപോഹങ്ങളുണ്ട്.
ഒടുവിൽ പുറത്തുവരുന്ന വാർത്തകളെല്ലാം തെറ്റാണെന്ന് പറഞ്ഞ് രോഹിത്തിനു തന്നെ രംഗത്തുവരേണ്ടി വന്നു. ഇതിനിടെ ഒരു പോഡ്കാസ്റ്റ് ചാനലിൽ സംസാരിക്കുന്നതിനിടെ രസകരമായ ചോദ്യങ്ങളും താരത്തിന് നേരിടേണ്ടിവന്നു. വരുന്ന ട്വന്‍റി20 ലോകകപ്പിൽ വെറ്ററൻ താരങ്ങളായ എം.എസ്. ധോണിയും ദിനേഷ് കാർത്തികും കളിക്കാനുള്ള സാധ്യതയുണ്ടോയെന്നായിരുന്നു ചോദ്യം. ടൂർണമെന്‍റിൽ കളിക്കാനായി ധോണിയെ പ്രേരിപ്പിക്കുന്നത് ഏറെ ശ്രമകരമാകുമെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം കാർത്തിക് ഐ.പി.എല്ലിൽ ബാറ്റിങ്ങിൽ തകർപ്പൻ ഫോമിലുമാണ്.
മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ കളിയിൽ ധോണി ചെന്നൈക്കായി അവസാന ഓവറിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ മൂന്നു സിക്സുകളാണ് തുടർച്ചയായി താരം പറത്തിയത്. നാലു പന്തുകൾ മാത്രം നേരിട്ട താരം 20 റൺസെടുത്തു. ‘ദിനേശിന്‍റെ ബാറ്റിങ് പ്രകടനം വിസ്മയിപ്പിക്കുന്നതാണ്, അതുപോലെ ധോണിയുടേതും. നാലു പന്തുകളിൽ 20 റൺസ് നേടി, അതാണ് മത്സരത്തിൽ നിർണായകമായതും. വെസ്റ്റിൻഡീസിലേക്ക് വരാൻ ധോണിയെ പ്രേരിപ്പിക്കുന്നത് ഏറെ ശ്രമകരമാണ്, അദ്ദേഹം ക്ഷീണിതാനാണ്. മറ്റുപല കാര്യങ്ങൾക്കുമാണ് അദ്ദേഹം അമേരിക്കയിലേക്ക് വരുന്നത്. അദ്ദേഹം ഗോൾഫ് കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ, ഡി.കെയെ ബോധ്യപ്പെടുത്താൻ എളുപ്പമായിരിക്കുമെന്ന് കരുതുന്നു’ -രോഹിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.