‘തോൽവിയിൽ കൂട്ടുത്തരവാദിത്വം’; പരമ്പര നഷ്ടത്തിനു പിന്നാലെ രോഹിത് ശർമ
text_fieldsചെന്നൈ: ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തോറ്റതിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. തോൽവിയിൽ കൂട്ടുത്തരവാദിത്വമാണെന്നും ഒരാളെ മാത്രം പഴിക്കാനാവില്ലെന്നും രോഹിത് പറഞ്ഞു. നിർണായകമായ മൂന്നാം ഏകദിനത്തിൽ 21 റൺസിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
ജയത്തോടെ ഓസീസ് ഇന്ത്യയെ പിന്തള്ളി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. നാലു വർഷത്തിനുശേഷം ആദ്യമായാണ് സ്വന്തം മണ്ണിൽ ഇന്ത്യ ഒരു പരമ്പര തോൽക്കുന്നത്. 2019 മാർച്ചിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ഇതിനു മുമ്പ് ഇന്ത്യ തോറ്റത്. ‘269 വലിയൊരു സ്കോറാണെന്ന് ഞാൻ കരുതുന്നില്ല. രണ്ടാം പകുതിയിൽ വിക്കറ്റ് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ല. പാർട്ണർഷിപ്പുകൾ വളരെ നിർണായകമായിരുന്നു. അതിൽ ഞങ്ങൾ പരാജയപ്പെട്ടു’ -രോഹിത് മത്സരശേഷം പ്രതികരിച്ചു.
എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് മനസ്സിലാക്കണം. ഇതൊരു കൂട്ടായ പരാജയമാണ്, ഈ പരമ്പരയിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാൻ കഴിയും. ആസ്ട്രേലിയ അർഹിച്ച വിജയമാണിത്. അവരുടെ പേസർമാരും സ്പിന്നർമാരും മികച്ച രീതിയിൽ കളിച്ചെന്നും താരം കൂട്ടിച്ചേർത്തു.
ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 49 ഓവറിൽ 269 റൺസിന് പുറത്തായിരുന്നു. ഓപണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകിയെങ്കിലും, ഇന്ത്യ പടിക്കൽ കലമുടക്കുന്നതാണ് കണ്ടത്. ഇന്ത്യയുടെ മറുപടി 49.1 ഓവറിൽ 248ൽ അവസാനിച്ചു. അർധ ശതകം നേടിയ വിരാട് കോഹ്‌ലിയാണ് (72 പന്തിൽ 54 റൺസ്) ടോപ് സ്കോറർ. ആസ്ട്രേലിയക്കുവേണ്ടി സ്പിന്നർ ആദം സാംപ 10 ഓവറിൽ 45 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി കളിയിലെ കേമനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.