'ട്വന്‍റി-20 വിരമിക്കൽ പിൻവലിക്കാൻ രോഹിത് ശർമ?' താരത്തിന്‍റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ
text_fieldsഈ വർഷം അരങ്ങേറിയ ടി-20 ലോകകപ്പ് വിജയിച്ചുകൊണ്ട് ഈ ഫോർമാറ്റിൽ നിന്നും മികച്ച വിരമിക്കൽ ലഭിച്ച താരമാണ് രോഹിത് ശർമ. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ നായകൻ കൂടെയായ അദ്ദേഹമാണ് ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും. ലോകകപ്പ് വിജയച്ചതിന് ശേഷം ടി-20യിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു ഓപ്പണിങ് ബാറ്റർ. രോഹിത്തിനെ കൂടാതെ സൂപ്പർതാരം വിരാട് കോഹ്ലി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരും ടി-20യിൽ നിന്നും വിരമിച്ചിരുന്നു.
ടി-20 വിരമിക്കൽ പ്രഖ്യാപനത്തിൽ നിന്നും താരം പിന്മാറുമെന്ന് വിശ്വസിക്കുകയാണ് ആരാധകർ. അതിന് കാരണം പ്രസ് മീറ്റിലെ രോഹിത്തിന്‍റെ വാക്കുകളാണ്. തമാശരൂപേണ രോഹിത് ശർമ പറഞ്ഞത് പക്ഷെ ആരാധകർ കാര്യമായി തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ടി-20യിൽ നിന്നും വിശ്രമിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും വലിയ ടൂർണമെന്‍റ് വരുമ്പോൾ തയ്യാറാകണമെന്നും രോഹിത് പറഞ്ഞു.
'എനിക്ക് ഇപ്പോഴും തോന്നുന്നത്, എനിക്ക് ടി-20യിൽ നിന്നും വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ്. മുമ്പത്തെ പോലെ, വലിയ ടൂർണമെന്‍റ് വരാനിരിക്കെ ഞങ്ങൾ തയ്യാറാക്കാനാണ് ഇതെന്ന് എനിക്ക് തോന്നാറുണ്ട്. അതുകൊണ്ട് ഈ ഫോർമാറ്റിൽ നിന്നും ഞാൻ ഇപ്പോഴും പൂർണമായും പുറത്തായിട്ടില്ല,' രോഹിത് പറഞ്ഞു.
ഇന്ത്യ-ശ്രിലങ്ക ഏകദിന പരമ്പരക്ക് മുന്നോടിയായാണ് താരം സംസാരിച്ചത്. രോഹിത് ഇതൊരു തമാശക്ക് പറഞ്ഞതായിരിക്കാം, എന്നാൽ ആരാധകർ താരത്തിന്‍റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ്. 2026ൽനടക്കുന്നടി-20 ലോകകപ്പിലേക്ക് ഒരു 'വൈൽഡ് കാർഡ്' എൻട്രിയായി രോഹിത് എത്തും എന്നൊക്കെ ആരാധകർ ട്വിറ്ററിൽ കുറിക്കുന്നു.
അതേസമയം ലങ്കക്കെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്നാരംഭിക്കും. ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ച കഴിഞ്ഞ് 2.30നാണ് മത്സരം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.