'അതൊരു പരുന്തോ പ്ലെയ്നോ ആണോ?'; ബംഗ്ലാദേശിനെതിരെ രോഹിത് ശർമയുടെ പറക്കും ക്യാച്ച്!- Video
text_fieldsഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് നാലാം ദിനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ സൂപ്പർ ക്യാച്ച്. ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ ലിറ്റൺ ദാസിനെ പുറത്താക്കാനാണ് രോഹിത് ഒരു ഒറ്റക്കയ്യൻ സ്റ്റണ്ണർ എടുത്തത്. കളി കാണാനെത്തിയ ആരാധകരെയും ഇന്ത്യൻ താരങ്ങളെയും ഒരുപോലെ ആവേശത്തിലാക്കാൻ രോഹിത്തിന്‍റെ ക്യാച്ചിന് സാധിച്ചു. ക്യാച്ചിന് ശേഷം തലയിൽ കൈവെച്ച് കൊണ്ട് രോഹിത്തിനെ അഭിനന്ദിക്കാൻ ഓടുന്ന ശുഭ്മൻ ഗില്ലിനെയും കാണാം.
മത്സരത്തിന്‍റെ അമ്പതാം ഓവറിൽ മുഹമ്മദ് സിറാജിന്‍റെ ബൗളിൽ അതേ പേസിൽ ലോഫ്റ്റ്ഡ് ഇൻസൈഡ് ഔട്ട് ഷോട്ട് കളിക്കുകയായിരുന്നു ലിറ്റൺ. ഫീൽഡറെ ക്ലിയർ ചെയ്ത് ഫോർ കണ്ടെത്താമെന്നായിരുന്നു ലിറ്റൺ കരുതിയത്. എന്നാൽ ലിറ്റണിന്‍റെ എല്ലാ കണക്കുക്കൂട്ടലും തെറ്റിച്ച്കൊണ്ട് ഷോർട്ട് കവറിൽ ഫീൽഡ് ചെയ്തിരുന്ന രോഹിത് ഒരു ഫുൾ സ്ട്രെച്ച് ചാട്ടത്തിൽ പന്ത് കയ്യിലൊതുക്കുകയായിരുന്നു. ക്യാച്ചെടുത്ത് കുറച്ച് സെക്കൻഡുകൾ കഴിഞ്ഞാണ് അദ്ദേഹം അത് മനസിലാക്കുന്നത് പോലും.
നാലാം ദിനം രാവിലത്തെ സെഷനിൽ തന്നെ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ട് ദിവസം കളി മുടങ്ങിയ മത്സരത്തിൽ നാലാം ദിനം ആരംഭിക്കുമ്പോൾ ബംഗ്ലാദേശ് 107ന് മൂന്ന് എന്ന നിലയിലായിരുന്നു. സ്കോർ ബോർഡിൽ അഞ്ച് റൺസ് കൂടി ചേർക്കുന്നതിനിടെ ജസ്പ്രീത് ബുംറ മുഷ്ഫിഖുർ റഹീമിനെ ക്ലീൻ ബൗൾഡാക്കി പറഞ്ഞയച്ചു. പിന്നീടെത്തിയ ലിറ്റൺ ദാസിനെ (13) സിറാജും ഷാകിബ് അൽ ഹസനെ (9) അശ്വിനും പുറത്താക്കിയതോടെ കടുവകൾ പരുങ്ങലിലായി. ലഞ്ചിന് പിരിയുമ്പോൾ സെഞ്ച്വറിയുമായി മോമിനുൽ ഹഖും ആറ് റൺസുമായി മെഹിദി ഹസനുമാണ് ക്രീസിലുള്ളത്. 176 പന്തിൽ നിന്നും 16 ഫോറും ഒരു സിക്സറുമടിച്ച് 102 റൺസുമായാണ് മോമിനുൽ ഹഖ് പുറത്താകാതെ നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.