ബോർഡർ-ഗവാസ്കർ ട്രോഫി: ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ ബുംറ നയിക്കും
text_fieldsപെർത്ത്: ബോർഡർ -ഗവാസ്കർ ട്രോഫി പരമ്പരയിലെ ഒന്നാം ടെസ്റ്റ് നവംബർ 22ന് പെർത്തിലെ വാക ഗ്രൗണ്ടിൽ ആരംഭിക്കവെ ഇന്ത്യക്ക് ആശങ്ക. ആസ്ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് മത്സര പരമ്പര സന്ദർശകരെ സംബന്ധിച്ച് നിർണായകമാണ്. നാലെണ്ണത്തിലെങ്കിലും ജയിച്ചാലേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കളിക്കാൻ സാധ്യത തെളിയൂ.
എന്നാൽ, ഒന്നാം ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ശുഭ്മൻ ഗില്ലിന്റെയും അഭാവം മറികടക്കുകയെന്ന വെല്ലുവിളി ടീമിന് മുന്നിലുണ്ട്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രോഹിത് നാട്ടിലായതിനാൽ പേസറും ഉപനായകനുമായ ജസ്പ്രീത് ബുംറയാണ് പെർത്തിൽ നയിക്കുക. പരിക്കേറ്റ ഗില്ലിന് പകരം ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പവും പരിശീലകൻ ഗൗതം ഗംഭീറിന് മുന്നിലുണ്ട്.
ആര് ഓപണറാവും
രോഹിത്തില്ലാത്തതിനാൽ യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്യാൻ ഗില്ലിനെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ, പരിശീലനത്തിനിടെ ഗില്ലിന്റെ തള്ളവിരലിന് പരിക്കേറ്റതോടെ ഇനിയാര് എന്ന ചോദ്യമുയർന്നു.
പരിക്കേറ്റ മറ്റൊരു താരം കെ.എൽ. രാഹുൽ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. രാഹുൽ ഓപണറായില്ലെങ്കിൽ അഭിമന്യു ഈശ്വരന് അരങ്ങേറ്റത്തിനും ഇന്നിങ്സ് തുറക്കാനും അവസരം ലഭിക്കും. തുടർന്ന് രാഹുൽ, വിരാട് കോഹ്ലി, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തുടങ്ങിയവരെത്തും. 36കാരനായ കോഹ്ലി ഓസീസ് മണ്ണിൽ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. ഇന്ത്യ എ ടീമിനായി കളിക്കാൻ ആസ്ട്രേലിയയിലെത്തിയ മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലിനോട് ഇവിടെ തുടരാൻ നിർദേശിച്ചിട്ടുണ്ട്.
ഷമിയുടെ വരവ് വൈകും
ഒരു വർഷത്തെ ഇടവേളക്കു ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയ സ്റ്റാർ പേസർ മുഹമ്മദ് ഷമിയെ പക്ഷേ, ഉടൻ ആസ്ട്രേലിയയിലേക്ക് പരിഗണിക്കില്ല. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ ദിവസം മധ്യപ്രദേശിനെതിരെ ബംഗാളിന് ജയമൊരുക്കുന്നതിൽ മികച്ച പങ്കുവഹിച്ച ഷമിയെ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളിലടക്കം കളിപ്പിക്കും. ബുംറക്കും മുഹമ്മദ് സിറാജിനും പുറമെ ഒരു പേസർക്കുകൂടി അന്തിമ ഇലവനിൽ അവസരമുണ്ട്. പ്രസിദ്ധ് കൃഷ്ണയും ഹർഷിത് റാണയും തമ്മിലാണ് ഈ സ്ഥാനത്തിനായി മത്സരം. എ ടീമിൽ കളിച്ച മുകേഷ് കുമാർ, ഖലീൽ അഹ്മദ്, നവ്ദീപ് സൈനി എന്നീ പേസർമാരും ആസ്ട്രേലിയയിൽ ബാക്ക് അപ്പായി തുടരും.
ന്യൂസിലൻഡിനെതിരെ നാട്ടിൽ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഇന്ത്യൻ ടീം ആസ്ട്രേലിയയിലെത്തിയത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.