രോഹിതിന്റെ സെഞ്ച്വറി വിഫലം; മുംബൈയെയും വീഴ്ത്തി ചെന്നൈ മുന്നോട്ട്
text_fieldsമുംബൈ: ഉശിരൻ സെഞ്ച്വറിയുമായി രോഹിത് ശർമ നടത്തിയ ഒറ്റയാൾ പോരാട്ടം വിഫലമായതോടെ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം. 207 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ ഒതുങ്ങിയതോടെ 20 റൺസിനായിരുന്നു ചെന്നൈ ജയം പിടിച്ചത്. നാലോവറിൽ 28 റൺസ് വഴങ്ങി നാല് ബാറ്റർമാരെ മടക്കിയ മതീഷ പതിരാനയാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. മുംക്കൈായി അവസാനം വരെ പൊരുതിയ രോഹിത് 63 പന്തിൽ അഞ്ച് സിക്സും 11 ഫോറുമടക്കം 105 റൺസുമായി പുറത്താകാതെനിന്നു.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി രോഹിതും ഇഷാൻ കിഷനും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. 7.1 ഓവറിൽ 70 റൺസ് ചേർത്ത കൂട്ടുകെട്ട് പൊളിച്ചത് പതിരാനയാണ്. 15 പന്തിൽ 23 റൺസ് ചേർത്ത കിഷൻ ഷാർദുൽ താക്കൂറിന്റെ കൈയിലകപ്പെടുകയായിരുന്നു. തുടർന്ന് ഏറെ പ്രതീക്ഷയോടെ എത്തിയ സൂര്യകുമാർ യാദവ് രണ്ട് പന്ത് നേരിട്ട് പൂജ്യനായി മടങ്ങിയതോടെ സ്റ്റേഡിയം നിശ്ശബ്ദമായി. ഇത്തവണയും വിക്കറ്റ് പതിരാനക്ക് തന്നെയായിരുന്നു. ശേഷമെത്തിയ തിലക് വർമ രോഹിതിന് മികച്ച പിന്തുണ നൽകിയെങ്കിലും വീണ്ടും പതിരാന അവതരിച്ചു. 20 പന്തിൽ 31 റൺസടിച്ച താരത്തെ ഷാർദുൽ താക്കൂർ കൈയിലൊതുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയും (2), ടിം ഡേവിഡും (13), റൊമാരിയോ ഷെപ്പേഡും (1) കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ മുംബൈ തോൽവി ഉറപ്പിച്ചു. നാല് റൺസുമായി മുഹമ്മദ് നബി രോഹിതിനൊപ്പം പുറത്താകാതെനിന്നു. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദും ശിവം ദുബെയും അവസാന ഘട്ടത്തിൽ ബാറ്റിങ് വിസ്ഫോടനവുമായി എം.എസ് ധോണിയും നിറഞ്ഞാടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് അടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ ധോണി ഹാട്രിക് സിക്സർ തൂക്കിയപ്പോൾ പിറന്നത് 26 റൺസാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഓപണറായെത്തിയ അജിൻക്യ രഹാനെയെ പെട്ടെന്ന് തന്നെ നഷ്ടമായിരുന്നു. എട്ട് പന്തിൽ അഞ്ച് റൺസെടുത്ത താരത്തെ കോയറ്റ്സിയുടെ പന്തിൽ ഹാർദിക് പാണ്ഡ്യ കൈയിലൊതുക്കുകയായിരുന്നു. 16 പന്തിൽ 21 റൺസെടുത്ത രചിൻ രവീന്ദ്രയെ ശ്രേയസ് ഗോപാലും വൈകാതെ മടക്കി. തുടർന്ന് ഒരുമിച്ച ഗെയ്ക്‍വാദും ശിവം ദുബെയും ചേർന്ന് മുംബൈ ബൗളർമാരെ അനായാസം നേരിടുകയായിരുന്നു. 40 പന്തിൽ അഞ്ച് വീതം സിക്സും ഫോറുമടക്കം 69 റൺസെടുത്ത ഗെയ്ക്‍വാദിനെ പാണ്ഡ്യയുടെ പന്തിൽ മുഹമ്മദ് നബി പിടികൂടിയപ്പോൾ 38 പന്തിൽ രണ്ട് സിക്സും 10 ഫോറുമടക്കം 66 റൺസ് അടിച്ചുകൂട്ടിയ ദുബെ പുറത്താകാതെ നിന്നു. 14 പന്തിൽ 17 റൺസെടുത്ത ഡാറിൽ മിച്ചലാണ് പുറത്തായ മറ്റൊരു ബാറ്റർ.
മിച്ചൽ പുറത്തായ ശേഷമായിരുന്നു വാംഖഡെ സ്റ്റേഡിയത്തെ സ്തംഭിപ്പിക്കുന്ന എം.എസ് ധോണിയുടെ വിളയാട്ടം. എതിർ നായകൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 20ാം ഓവറിലെ ആദ്യ പന്ത് വൈഡായപ്പോൾ അടുത്ത പന്തിൽ മിച്ചൽ ഫോറടിച്ചു. അടുത്ത പന്ത് വീണ്ടും വൈഡായെങ്കിലും തൊട്ടടുത്ത പന്തിൽ മിച്ചലിനെ മുഹമ്മദ് നബി മനോഹരമായി കൈയിലൊതുക്കി. തുടർന്നുള്ള മൂന്ന് പന്തുകൾ നിലംതൊടാതെ ഗാലറിയിലേക്ക് പറത്തിയ ധോണി അവസാന പന്തിൽ രണ്ട് റൺസെടുത്ത് നാല് പന്തിൽ 20 റൺസുമായി കീഴടങ്ങാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.