കുൽദീപ് വാക്സിനെടുത്തത് ഗസ്റ്റ് ഹൗസിന്റെ മുറ്റത്ത് വെച്ചോ?; അന്വേഷണത്തിൽ തെളിഞ്ഞത് ഇതാണ്
text_fieldsഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് വാക്സിൻ എടുക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. പ്രോട്ടോകോൾ ലംഘനം ഉൾപ്പെടെ ആരോപിക്കപ്പെട്ട തോടെ സംഭവത്തിൽ അന്വേഷണം നടത്തി യാഥാർത്ഥ്യം കണ്ടെത്തിയിരിക്കുകയാണ് അധികൃതർ.
കഴിഞ്ഞദിവസം കുൽദീപ് തന്നെയാണ് താൻ വാക്സിൻ സ്വീകരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എല്ലാവരും അവസരം കിട്ടുമ്പോൾ എത്രയും വേഗം വാക്സിൻ എടുക്കണം എന്നും കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും കുൽദീപ് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ താരം വാക്സിൻ സ്വീകരിക്കുന്നത് ആശുപത്രിയിൽ വച്ച് അല്ലെന്നും ഗസ്റ്റ് ഹൗസിന്റെ മുറ്റത്തിരുന്ന് ആണെന്നും ആരോപണമുയർന്നു. കുൽദീപിന് അനധികൃതമായാണ് വാക്സിൻ ഗസ്റ്റ്ഹൗസിൽ വച്ച് നൽകിയതെന്ന ആരോപണം വരെ ഉയർന്നു.
വാക്സിനേഷൻ കേന്ദ്രത്തിൽ വെച്ചാണ് താൻ വാക്സിൻ സ്വീകരിച്ചതെന്ന് താരം മറുപടി നൽകിയെങ്കിലും പലരും വിശ്വസിക്കാൻ തയ്യാറായില്ല. കോവിഡ് വാക്സിനേഷൻ പ്രോട്ടോകോൾ ലംഘനമാണെന്ന് ആരോപണം ഉയർന്നതോടെ കാൺപൂർ ജില്ലാഭരണകൂടം അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കുൽദീപ് യാദവ് വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് തന്നെയാണ് വാക്സിൻ സ്വീകരിച്ചതെന്ന കാര്യമാണ് ഇപ്പോൾ അന്വേഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഗോവിന്ദ് നഗറിലെ ജഗദേശ്വർ എന്ന സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് താരം വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്ലോട്ടിനായി താരം ബുക്ക് ചെയ്തിരുന്നുവെന്നും പട്ടികയിൽ 136 മത് ആയാണ് പേര് ഉണ്ടായിരുന്നതെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
ഗസ്റ്റ് ഹൗസിൽ നിന്നും വാക്സിൻ എടുക്കുന്നതായുള്ള ചിത്രം സമൂഹമാധ്യമങ്ങൾക്കായി പോസ് ചെയ്തതാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു. കാൺപൂരിലെ നഗർ നിഗാം ഗസ്റ്റ്ഹൗസിന്റെ മുറ്റത്തിരുന്ന് വാക്സിൻ എടുക്കുന്ന ചിത്രമായിരുന്നു കുൽദീപ് പോസ്റ്റ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.