സഞ്ജുവിന്റെ പ്രകടനം പാഴായി; രാജസ്ഥാന്‍റെ വഴിമുടക്കി ൈഹദരാബാദ്
text_fieldsദുബൈ: തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന്റെ അർധ സെഞ്ച്വറി പാഴായി് ജയത്തോെട വിലപ്പെട്ട രണ്ടുപോയന്‍റുകൾ നേടി സെമി പ്രതീക്ഷകൾ സജീവമാക്കാനിരുന്ന രാജസ്ഥാന് മുന്നിൽ സീസണിലെ രണ്ടാം ജയവുമായി ഹൈദരാബാദ് വിലങ്ങിട്ടു. രാജസ്ഥാൻ ഉയർത്തിയ 165 വിജയലക്ഷ്യം 18.2 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് അനായാസം മറികടന്നു. 42 പന്തിൽ 60 റൺസുമായി കിട്ടിയ അവസരം മുതലെടുത്ത ജേസൺ റോയിയും (42 പന്തിൽ 60) സീസണിലാദ്യമായി താളം വീണ്ടെടുത്ത നായകൻ കെയിൻ വില്യംസണും (41 പന്തിൽ 51 നോട്ടൗട്ട്) ആണ് ഹൈദരാബാദിന്‍റെ ജയം എളുപ്പമാക്കിയത്.
മുഴുവൻ ടീമുകളും പത്ത് മത്സരം പൂർത്തിയാക്കിയപ്പോൾ രാജസ്ഥാൻ എട്ടുപോയന്‍റുമായി ആറാം സ്ഥാനത്താണ്. നാലുപോയന്‍റുള്ള ഹൈദരാബാദിന്‍റെ േപ്ല ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിരുന്നു. കൊൽകത്ത, പഞ്ചാബ്, മുംബൈ ടീമുകൾക്കും എട്ടുപോയന്‍റാണുള്ളത്.
ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളും പുറത്തെടുത്ത് നിറഞ്ഞാടിയ സഞ്ജു സാംസന്‍റെ കരുത്തിലാണ്ഹൈദരാബാദിനെതിരെ രാജസ്ഥാൻ ഭേദപ്പെട്ട സ്കോർ കുറിച്ചത്. 57പന്തിൽ ഏഴുബൗണ്ടറികളും മൂന്നുസിക്സറുകളുമടക്കം ചേർത്ത 82 റൺസോടെ സഞ്ജു ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ മുമ്പനുള്ള ഓറഞ്ച് തൊപ്പിയും ഐ.പി.എല്ലിൽ 3000 റൺസെന്ന ഖ്യാതിയും സ്വന്തമാക്കി. പത്തുമത്സരങ്ങളിൽ നിന്നും 430 റൺസെടുത്ത ശിഖർ ധവാന്‍റെ കയ്യിലുണ്ടായിരുന്ന ഒാറഞ്ച് തൊപ്പിയാണ് സഞ്ജു തിരിച്ചുപിടിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ എവിൻ ലൂയിസിനെ (6) നഷ്ടപ്പെട്ടാണ് തുടങ്ങിയത്. തുടർന്ന് യശസ്വി ജെയ്സ്വാളിന് കൂട്ടായെത്തിയ സഞ്ജു പതുക്കെയാണ് ഇന്നിങ്സ് തുടങ്ങിയത്. ഒരറ്റത്ത് അടിച്ചുതകർത്ത ജയ്സ്വാളിന് (23 പന്തിൽ 36) സഞ്ജു ഒത്ത കൂട്ടായി. ജയ്സ്വാളും തൊട്ടുപിന്നാലെ ലിവിങ്സ്റ്റോണും (4) മടങ്ങിയതോടെ ബാറ്റിങ്ങിലെ സർവ ഉത്തരവാദിത്തവും സഞ്ജും സ്വയം ഏറ്റെടുത്തു. 41 പന്തിൽ അർധ സെഞ്ച്വറി കുറിച്ച സഞ്ജു ശേഷം അതിവേഗത്തിൽ ഗിയർ മാറ്റുകയായിരുന്നു.
ഒരു വേള സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ കണിശതയോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളർമാർക്ക് മുന്നിൽ പതറുകയായിരുന്നു. ഇരുപതാം ഓവറിൽ സിദ്ധാർഥ് കൗളിന്‍റെ പന്തിൽ ബൗണ്ടറിക്കരികെ പിടികൊടുത്താണ് സഞ്ജു മടങ്ങിയത്. അവസാന ഓവറുകളിൽ കൂറ്റനടികൾ പിറക്കാത്തതിനാൽ രാജസ്ഥാൻ സ്കോർ 164 ൽ ഒതുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.