അർധ സെഞ്ച്വറിയുമായി പാട്ടിദാർ, നൂർ അഹ്മദിന് മൂന്ന് വിക്കറ്റ്; ചെന്നൈക്ക് 197 റൺസ് വിജയലക്ഷ്യം
text_fieldsരജത് പാട്ടിദാറിന്‍റെ ബാറ്റിങ്
ചെന്നൈ: നായകൻ രജത് പാട്ടിദാറിന്റെ അർധ സെഞ്ച്വറിയുടെ (51) മികവിൽ ചെന്നൈ സൂപ്പർ കിങ്സിനു മുന്നിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്സ് 197 റൺസ് വിജയലക്ഷ്യമുയർത്തി. പാട്ടിദാറിനു പുറമെ ഫിൽ സാൾട്ട് (32), വിരാട് കോഹ്‌ലി (31), ദേവ്ദത്ത് പടിക്കൽ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് ആർ.സി.ബി പൊരുതാവുന്ന സ്കോർ നേടിയത്. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അവർ 196 റൺസടിച്ചത്. സി.എസ്.കെക്കായി അഫ്ഗാൻ താരം നൂർ അഹ്മദ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നേടിയ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതിവേഗം സ്കോർ ചെയ്ത ഫിൽ സാൾട്ടിന്റെ (16 പന്തിൽ 32) വിക്കറ്റാണ് ബംഗളൂരുവിന് ആദ്യം നഷ്ടമായത്. കോഹ്‌ലിക്കൊപ്പം ഓപണിങ് വിക്കറ്റിൽ 45 റൺസ് ചേർത്ത താരം അഞ്ചാം ഓവറിലാണ് പുറത്തായത്. 30 പന്തിൽ നിന്നാണ് കോഹ്‌ലി 31 റൺസ് നേടിയത്. കഴിഞ്ഞ സീസണിലേതിനു സമാനമായി സ്ട്രൈക്ക് റേറ്റിൽ ഇത്തവണയും കോഹ്‌ലിക്ക് വിമർശനമുയരുമെന്ന് ഏതാണ്ട് ഉറപ്പാണ്. 14 പന്തിൽ 27 റൺസടിച്ച ദേവ്ദത്തിനെ അശ്വിൻ പുറത്താക്കി.
ഒരുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും തകർപ്പനടികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ പാട്ടിദാറാണ് ബംഗളൂരു സ്കോർ 150 കടത്തിയത്. 32 പന്ത് നേരിട്ട താരം നാല് ഫോറും മൂന്ന് സിക്സും സഹിതം 52 റൺസ് നേടിയാണ് പുറത്തായത്. അവസാന ഓവറുകളിൽ ടിം ഡേവിഡ് (എട്ട് പന്തിൽ 22*) നടത്തിയ വെടിക്കെട്ടിൽ സ്കോർ 200ന് അടുത്തെത്തുകയായിരുന്നു. ലിയാം ലിവിങ്സ്റ്റൺ (10), ജിതേഷ് ശർമ (12), കൃണാൽ പാണ്ഡ്യ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.