കോഹ്‌ലിക്കും പാടിദാറിനും അർധ സെഞ്ച്വറി, മിന്നൽ പ്രഹരവുമായി ജിതേഷ്; മുംബൈക്ക് ജയിക്കാൻ 222 റൺസ്
text_fieldsഅർധ ശതകം നേടിയ വിരാട് കോഹ്ലിയുടെ ബാറ്റിങ്
മുംബൈ: സൂപ്പർ താരം വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ രജത് പാടിദാറും അർധ ശതകം കണ്ടെത്തിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു മുന്നിൽ 222 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു. ഇരുവർക്കും പുറമെ അതിവേഗം ബാറ്റ് ചെയ്ത ജിതേഷ് ശർമയുടെ പ്രകടനവും ബംഗളൂരുവിന്‍റെ റൺനിരക്ക് ഉയർത്തുന്നതിൽ നിർണായകമായി. ഇന്നിങ്സിലാകെ 17 ഫോറും 13 സിക്സറുകളും പിറന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആർ.സി.ബി 221 റൺസ് നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബിക്ക് ആദ്യ ഓവറിൽ തന്നെ ഓപണർ ഫിൽ സാൾട്ടിനെ നഷ്ടമായി നേരിട്ട രണ്ടാം പന്തിൽ ക്ലീൻ ബൗൾഡായാണ് താരം മടങ്ങിയത്. പിന്നീടൊന്നിച്ച കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്നിങ്സ് പടുത്തുയർത്തുകയായിരുന്നു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 91 റൺസ് പിറന്നു. 37 റൺസെടുത്ത ദേവ്ദത്തിനെ വിൽ ജാക്സിന്‍റെ കൈകളിലെത്തിച്ച് മലയാളി താരം വിഘ്നേഷ് പുത്തൂരാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ പിന്നീട് വിഘ്നേഷിന് ക്യാപ്റ്റൻ ഹാർദിക് പന്തെറിയാൻ അവസരം നൽകിയില്ല.
സ്കോർ 143ൽ നിൽക്കേ കോഹ്‌ലി പുറത്തായി. 42 പന്തിൽ 67 റൺസടിച്ച താരത്തെ, ഹാർദിക് പാണ്ഡ്യ നമൻ ധിറിന്‍റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ സംപൂജ്യനായി ലയാം ലിവിങ്സ്റ്റൺ കൂടാരം കയറിയെങ്കിലും തകർപ്പനടികളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ പാടിദാർ ആർ.സി.ബിക്ക് വമ്പൻ സ്കോർ സമ്മാനിച്ചു. 32 പന്തിൽ അഞ്ച് ഫോറും നാല് സിക്സും സഹിതം 64 റൺസ് നേടിയ താരം അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു.
അവസാന ഓവറുകളിൽ ജിതേഷ് ശർമ കൂടി കത്തിക്കയറിയതോടെ സ്കോർ 220 കടന്നു. 19 പന്തിൽ പുറത്താകാതെ 40 റൺസാണ് താരം നേടിയത്. ടിം ഡേവിഡ് ഒരു റൺ* നേടി. മുംബൈ നിരിയിൽ ട്രെന്‍റ് ബോൾട്ടും ഹാർദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും റൺവഴങ്ങുന്നതിൽ പിശുക്കു കാണിച്ചില്ല. ബോൾട്ട് നാലോവറിൽ 57ഉം ഹാർദിക് അത്രതന്നെ ഓവറുകളിൽ 45 റൺസുമാണ് വിട്ടുനൽകിയത്. നാലോവറെറിഞ്ഞ ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നേടാനായില്ലെങ്കിലും 29 റൺസാണ് വഴങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.