കെ.സി.എ പ്രസിഡന്റ്സ് കപ്പ് റോയൽ ചാമ്പ്യൻസ്; ഫൈനലിൽ ലയൺസിനെ തോൽപിച്ചത് 10 റൺസിന്
text_fieldsകെ.സി.എ പ്രസിഡന്റ്സ് കപ്പ് കിരീടവുമായി റോയൽസ് ടീം
ആലപ്പുഴ: കെ.സി.എ പ്രസിഡന്റ്സ് കപ്പ് കിരീടം റോയൽസിന്. ആവേശകരമായ ഫൈനലിൽ ലയൺസിനെ 10 റൺസിന് തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് മാത്രമേ നേടാനായുള്ളൂ. 38 പന്തിൽ 65 റൺസുമായി പുറത്താവാതെ നിന്ന റോയൽസ് ക്യാപ്റ്റൻ അഖിൽ സ്കറിയയാണ് പ്ലെയർ ഓഫ് ദ മാച്ച്.
ഓപണർ വിപുൽ ശക്തിയുടെ വിക്കറ്റ് ആദ്യമേ നഷ്ടമായെങ്കിലും ജോബിൻ ജോബിയും റിയ ബഷീറും ചേർന്ന് റോയൽസിന് മികച്ച തുടക്കമാണ് നൽകിയത്. 20 റൺസിന് പുറത്തായ റിയ ബഷീറിന് പകരമെത്തിയ അഖിൽ സ്കറിയ റോയൽസിന്റെ ടോപ് സ്കോററായി. ജോബിൻ 34 പന്തിൽ 54 റൺസെടുത്തു. 18 പന്തിൽ 42 റൺസെടുത്ത നിഖിൽ തോട്ടത്തിന്റെ പ്രകടനവും കൂറ്റൻ സ്കോർ ഉയർത്താൻ റോയൽസിനെ സഹായിച്ചു. ലയൺസിനുവേണ്ടി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലയൺസിന് പക്ഷേ, എട്ട് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ, അർജുൻ എ.കെയും ആൽഫി ഫ്രാൻസിസും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇവർ ശക്തമായി തിരിച്ചുവന്നു. അർജുൻ 48 പന്തിൽ 77 റൺസ് നേടിയപ്പോൾ ആൽഫി 19 പന്തിൽ 42 റൺസ് നേടി. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി അർജുനൊപ്പം ചേർന്ന ഷറഫുദ്ദീനും ലയൺസിന് പ്രതീക്ഷ നൽകി.
എന്നാൽ, 19ാം ഓവറിൽ അർജുൻ മടങ്ങിയത് ലയൺസിന് തിരിച്ചടിയായി. ഷറഫുദ്ദീൻ 20 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. റോയൽസിനുവേണ്ടി വിനിൽ ടി.എസും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോബിൻ ജോബിയാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.