റോയൽ തിരിച്ചുവരവ്; േപ്ലഓഫ് സ്വപ്നങ്ങളിൽ ബംഗളൂരു
text_fieldsബംഗളൂരു: മൂന്നാഴ്ച മുമ്പ് ഈഡൻ ഗാർഡൻസിൽ ഒറ്റ റണ്ണിന് കൊൽക്കത്തക്കു മുന്നിൽ വീഴുമ്പോൾ ടീമിനത് എട്ടു കളികളിൽ ഏഴാം തോൽവിയായിരുന്നു. 10 ടീമുകളടങ്ങിയ പട്ടികയിൽ അവസാനക്കാരായി നിന്ന ടീമിന് ഇനിയെത്ര ശ്രമിച്ചാലും ഒരു തിരിച്ചുവരവ് നടക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ. ബാറ്റിങ് ലൈനപ്പിൽ വെടിക്കെട്ട് തീർക്കേണ്ട െഗ്ലൻ മാക്സ്വെൽ എന്നേ കളി നിർത്തിയ മട്ടായിരുന്നു. ഓസീസ് ഓൾറൗണ്ടർ കാമറൺ ഗ്രീനും പ്രതീക്ഷ മാത്രം ബാക്കിനിർത്തി ഫോമിലെത്താൻ പാടുപെട്ടു. പവർേപ്ല ഓവറുകളിൽ അടിക്കാൻ മറന്ന കോഹ്ലിക്കെതിരെയും മുന ഉയർന്നു. ഇത്രയും വലിയ വീഴ്ചകൾക്കു മധ്യേ എന്തു ചെയ്യണമെന്നറിയാതെ നായകൻ ഫാഫ് ഡു പ്ലസി നെടുവീർപിട്ട നാളുകൾ.
കോച്ച് ആൻഡി ഫ്ലവറിനെതിരെ പോലും സംശയ മുന നീണ്ടു. എല്ലാ തലങ്ങളിലും ഏറ്റവും മികച്ചവർ അണിനിരക്കാനുണ്ടായിട്ടും ടീം അരിഷ്ടതകളുമായി മല്ലിട്ടത് ആരാധകരെയും ആധിയിലാഴ്ത്തി. അതുകഴിഞ്ഞ് നാളുകൾ പിന്നിട്ട് ടീം കളിച്ച മത്സരങ്ങൾ 13ലെത്തുമ്പോൾ ചിത്രമാകെ മാറിയിരിക്കുന്നു. ചെന്നൈ സൂപർ കിങ്സ് എന്ന ഫാവറിറ്റുകളെ മാറ്റിനിർത്തി േപ്ലഓഫിലേക്ക് ടിക്കറ്റെടുക്കുന്ന നാലാം ടീമായി ബംഗളൂരു മാറുമോ എന്നുവരെയാണിപ്പോൾ അവസാനവട്ട കണക്കുകൂട്ടലുകൾ.
കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ 47റൺസിന് വിജയം പിടിച്ച ടീം പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഡൽഹി, ലഖ്നോ എന്നീ കരുത്തരെ റൺറേറ്റിൽ കടന്നായിരുന്നു സ്ഥാനക്കയറ്റം. മൈതാനത്ത് കോഹ്ലി ഷോ കണ്ടില്ലെങ്കിലും രജത് പട്ടീദാർ ആ റോൾ ഏറ്റെടുത്തായിരുന്നു വൻ വിജയതീരത്തെത്തിച്ചത്. ഒപ്പം ബൗളർമാരും മികച്ച കളി കെട്ടഴിച്ചു. ഇനി ആർ.സി.ബി- ചെന്നൈ മത്സരം ‘നോക്കൗട്ടാ’യി മാറിയാൽ 18 റൺസിനോ അതല്ലെങ്കിൽ 18.1 ഓവറിലോ ജയിച്ചാൽ ബംഗളൂരുവിന് േപ്ലഓഫ് നേടാം. റൺറേറ്റിലും ടീം മുന്നിലെത്തണം. അതിനു പക്ഷേ, ലഖ്നോ ഒരു കളി തോൽക്കണം. എന്നാൽ, ഹൈദരാബാദ് രണ്ടു കളിയും തോറ്റാൽ ചെന്നൈക്കൊപ്പം ബംഗളൂരുവിനും സാധ്യതയുണ്ട്. ഇതെല്ലാം തങ്ങളുടെ അവസാന മത്സരം ജയിച്ചാലേ നടക്കൂ എന്നതും പരിഗണിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.