ജയ്സ്‍വാളിനും ബട്‍ലർക്കും അർധ സെഞ്ച്വറി; രാജസ്ഥാനെതിരെ ഡൽഹിക്ക് 200 റൺസ് വിജയലക്ഷ്യം
text_fieldsഗുവാഹത്തി: ഐ.പി.എല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 199 റൺസെടുത്തു.
ഓപ്പണർമാരായ യശ്വസി ജയ്സ്‍വാളിന്‍റെയും ജോസ് ബട്‍ലറുടെയും അർധ സെഞ്ച്വറി പ്രകടനമാണ് ടീമിന് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ജയ്സ്‍വാളും ബട്‍ലറും മിന്നുന്ന തുടക്കം നൽകി. നാലാമത്തെ ഓവറില്‍ തന്നെ ടീം സ്കോര്‍ 50ല്‍ എത്തി. ഒന്നാം വിക്കറ്റിൽ ഇരുവരും അടിച്ചെടുത്തത് 8.3 ഓവറിൽ 98 റൺസ്. 31 പന്തിൽ 60 റൺസെടുത്ത ജയ്സ്‍വാൾ മുകേഷ് കുമാറിന്‍റെ പന്തിൽ പുറത്തായി.
ബട്‍ലർ 51 പന്തിൽ 79 റൺസെടുത്തു. ഒരു സിക്സും 11 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. മുകേഷ് കുമാർ തന്നെയാണ് ബട്‍ലറെയും പുറത്താക്കിയത്. സഞ്ജു റണ്ണൊന്നും എടുക്കാതെ മടങ്ങി. കുൽദീപ് യാദവിന്‍റെ പന്തിൽ ആൻറിച് നോർജെ കൈയിലൊതുക്കി. റിയാൻ പരാഗ് (11 പന്തിൽ ഏഴ് റൺസ്) പുറത്തായ മറ്റൊരു താരം. 21 പന്തിൽ 39 റൺസെടുത്ത് ഷിമ്രോൺ ഹെറ്റ്മെയറും മൂന്നു പന്തിൽ എട്ടു റൺസുമായി ധ്രുവ് ജുറേലും പുറത്താകാതെ നിന്നു.
ഡൽഹിക്കായി മുകേഷ് കുമാർ രണ്ടു വിക്കറ്റും കൂൽദീപ് യാദവ്, റോവ്മാൻ പവൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് രാജസ്ഥാൻ കളത്തിലിറങ്ങിയത്.
പഞ്ചാബിനെതിരെ മോശം പ്രകടനം പുറത്തെടുത്ത ദേവ്ദത്ത് പടിക്കല്‍, പേസര്‍ കെ.എം. ആസിഫ് എന്നിവര്‍ പുറത്തായി. പകരം ധ്രുവ് ജുറേലും സന്ദീപ് ശര്‍മയും ടീമിലെത്തി. ഡൽഹി പൃഥ്വി ഷാക്ക് പകരം മനീഷ് പാണ്ഡെയെ ഉള്‍പ്പെടുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ലളിത് യാദവും സര്‍ഫറാസ് ഖാന് പകരം അഭിഷേക് പോറലും ടീമിലുള്‍പ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.