റൺ ദാരിദ്ര്യം തീർത്ത് ഗ്രീൻഫീൽഡ്
text_fieldsതിരുവനന്തപുരം: കാര്യവട്ടത്തെ റണ്ണൊഴുക്ക് പ്രതീക്ഷിച്ചെത്തിയവർ പച്ചപ്പാടത്ത് കണ്ടത് ഇളകിമറിഞ്ഞെത്തിയ റൺ സൂനാമി. ക്ലാസും മാസുമായി വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും കളംഭരിച്ചതോടെ ഗ്രീൻഫീൽഡിന്റെ പേരുദോഷം മാറ്റാനായതിന്റെ ചാരിതാർഥ്യത്തിലാണ് ക്യുറേറ്റർ എ.എം. ബിജുവും കേരള ക്രിക്കറ്റ് അസോസിയേഷനും.
കാര്യവട്ടത്ത് കളി നടന്നപ്പോഴൊക്കെ ട്രോളുകളും വിമർശനങ്ങളും മാത്രമായിരുന്നു ബിജുവിനെ തേടിയെത്തിയിരുന്നത്. മാസങ്ങളോളം രാപ്പകൽ പണിയെടുത്തിട്ടും അതിന്റെ ഫലം സ്കോർബോർഡിൽ കാണാത്തതിന്റെ സങ്കടവും അമർഷവും ആ മനസ്സിലുണ്ടായിരുന്നു.
ഒടുവിൽ വിമർശകരുടെ വായടപ്പിക്കുന്ന മാന്ത്രികതയായിരുന്നു ഗ്രീൻഫീൽഡിലെ മാണ്ഡ്യ പിച്ചിൽ ബിജു തുറന്നുവിട്ടത്. കണ്ണഞ്ചിപ്പിക്കുന്ന കവർ ഡ്രൈവുകളും പുൾഷോട്ടുകളും സ്ട്രൈറ്റ് ഡ്രൈവുമായി കോഹ്ലിയും ഗില്ലും രോഹിത് ശർമയും ഫീൽഡ് ഭരിച്ചപ്പോൾ രണ്ടു ടി20 മത്സരത്തിന്റെ എഫക്ടായിരുന്നു ഗ്രീൻഫീൽഡിലെ കാണികൾക്കു ലഭിച്ചത്.
ക്രിക്കറ്റ് ആരാധകർക്ക് എന്നും നിരാശമാത്രമേ ഗ്രീൻഫീൽഡ് സമ്മാനിച്ചിട്ടുള്ളൂ. അതിനു കാരണം പിച്ചിലെ റൺവരൾച്ചയും. 2017 നവംബർ ഏഴിനായിരുന്നു ആദ്യ മത്സരം. അന്ന് ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയ കാണികൾക്കു മുന്നിൽ മഴ കളിച്ചതോടെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കി.
ഇന്ത്യയുടെ 63 റൺസിനെതിരെ 61 റൺ എടുക്കാനേ ന്യൂസിലൻഡിനു കഴിഞ്ഞുള്ളൂ. 2019 നവംബർ ഒന്നിനായിരുന്നു സ്റ്റേഡിയത്തിലെ രണ്ടാം മത്സരം. വെസ്റ്റിന്‍ഡീസിനെതിരായ പകൽ-രാത്രി മത്സരത്തിന് ടിക്കറ്റെടുത്ത ആരാധകരോട് റണ്ണൊഴുകുമെന്ന അവകാശവാദമായിരുന്നു ക്യുറേറ്റർ ബിജുവിന്.
എന്നാൽ, ആദ്യം ബാറ്റ് ചെയ്ത കരീബിയൻ നിര 104 റൺസിന് എല്ലാവരും പുറത്തായി. തുടർന്ന് ബാറ്റെടുത്ത ഇന്ത്യയാകട്ടെ ഒരു വിക്കറ്റ് നഷ്ടത്തിൽ സൂര്യാസ്തമയത്തിനുമുമ്പേ കളി തീർക്കുകയും ചെയ്തു. 2019 ഡിസംബർ എട്ടിന് നടന്ന വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 മത്സരത്തിൽ വെടിക്കെട്ട് കാണാനെത്തിയ ആരാധകർക്കും നിരാശയായിരുന്നു ഫലം. കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 ആയിരുന്നു അടുത്തത്.
റണ്ണൊഴുകുമെന്ന അവകാശവാദം ക്യുറേറ്റർ ബിജു ആവർത്തിച്ചു. എന്നാൽ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുക്കാനേ പ്രോട്ടീസ് നിരക്കായുള്ളൂ. തപ്പിയും തടഞ്ഞും 16.4 ഓവറിലാണ് ഇന്ത്യ ലക്ഷ്യംകണ്ടത്.
ട്വന്റി20ക്ക് അനുകൂലമായ ബാറ്റിങ് ട്രാക്ക് ആയിരുന്നില്ലെന്നും ബൗളേഴ്സിന് പിച്ചിൽനിന്ന് ഇത്രയും പിന്തുണ പ്രതീക്ഷിച്ചിരുന്നില്ലെന്നും ക്യാപ്റ്റന്മാർ മത്സരശേഷം വ്യക്തമാക്കിയതോടെ ക്യുറേറ്റർ ബിജുവിനെതിരെയും രൂക്ഷമായ വിമർശനവും ട്രോളുകളുമാണ് അന്ന് ഉയർന്നത്.
എന്നാൽ, താനുണ്ടാക്കിയത് ബാറ്റിങ് ട്രാക്കായിരുന്നെന്നും തലേദിവസമുണ്ടായ ചാറ്റൽമഴയും മഞ്ഞുവീഴ്ചയും പിച്ചിന്റെ സ്വഭാവം മാറ്റിയെന്ന് ബിജു ആവർത്തിച്ചെങ്കിലും വിമർശനം ഗ്രൗണ്ട് വിടാൻ ഏറെ താമസമെടുത്തു. ‘ഇത്തവണ ഈശ്വരൻ എനിക്കൊപ്പമുണ്ടായിരുന്നു. ശ്രീലങ്കയാണ് ആദ്യം ബാറ്റ് ചെയ്തിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. കോഹ്ലിക്കും ഗില്ലിനും ടീം ഇന്ത്യക്കും നന്ദി.’-ബിജു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.