'ഒരു ബഹുമാനവും നേടാന്‍ സാധിച്ചിട്ടില്ല, അതായിരിക്കാം കാരണം'; ഹാര്‍ദിക്കിനെ പരിഗണിക്കാത്തതില്‍ റസല്‍ അര്‍നോള്‍ഡ്
text_fieldsഈ മാസം 27ന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമിന്റെ ടി-20 ക്യാപ്റ്റനായി നിയമിച്ചിരുന്നു. രോഹിത് ശര്‍മക്ക് ശേഷം നായകസ്ഥാനത്തിനായി മത്സരത്തിലുണ്ടായിരുന്ന ഹാര്‍ദിക്ക് പാണ്ഡ്യയെ പരിഗണിക്കാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സൂര്യയെ നായകനാക്കിയത്.
ഇന്ത്യ ജേതാക്കളായ ടി-20 ലോകകപ്പില്‍ ഹാര്‍ദിക്കായിരുന്നു ഇന്ത്യയുടെ ഉപനായകന്‍. താരത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് നായകസ്ഥാനം ഏല്‍പ്പിക്കാതിരുന്നതെന്നാണ് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പിന്നീട് പറഞ്ഞത്.
എന്നാല്‍ അതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ശ്രീലങ്കന്‍ മധ്യനിര ബാറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ റസല്‍ അര്‍നോള്‍ഡ്. കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച ഹാര്‍ദിക്ക് പാണ്ഡ്യക്ക് ടീമിലുള്ളവരുടെ ബഹുമാനം ലഭിക്കാത്തത് മൂലമാണ് ബി.സി.സി.ഐ അദ്ദേഹത്തെ മാറ്റിയതെന്ന് അര്‍നാേള്‍ഡ് ചൂണ്ടിക്കാട്ടി.
'ഐ.പി.എല്ലില്‍ ഹര്‍ദിക്കിന് തന്റെ ചുറ്റിലുമുള്ള ആളുകളുടെ ബഹുമാനം ലഭിക്കാത്തത് ഞാന്‍ ഓര്‍ക്കുന്നു. ചിലപ്പോള്‍ അതായിരിക്കണം അദ്ദേഹത്തിന് ക്യാപ്റ്റന്‍സി നല്‍കാതിരിക്കാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്’- സ്‌പോര്‍ട്‌സ് ടോക്കിനോട് സംസാരിക്കവെ അര്‍നോള്‍ഡ് പറഞ്ഞു.
ഹാര്‍ദിക്കും സൂര്യയും മികച്ച കളിക്കാരാണ്. ടീമിന്റെ നായകനാകുന്നവര്‍ എല്ലാവരെയും ഒരുപോലെ ഒത്തിണക്കി കൊണ്ടുപോകാന്‍ സാധിക്കുന്നവര്‍ ആയിരിക്കണമെന്നും അര്‍നോള്‍ഡ് കൂട്ടിച്ചേര്‍ത്തു.
' രണ്ട് പേരും മികച്ചവരാണ്. വ്യത്യസ്ത തരത്തിലുള്ള കാര്യങ്ങളാണ് അവര്‍ ടീമിന് വേണ്ടി ചെയ്യുന്നത്. ടീമിലെ എല്ലാവരെയും ഒത്തിണക്കുന്നതും ശാന്തമായി മുന്നോട്ടുകൊണ്ടുപോകുന്നതും നായകന്റെ ഉത്തരവാദിത്വമാണ്. ഇത് ടീമിനെ ഒരേ ദിശയിൽ സഞ്ചരിക്കാന്‍ സഹായിക്കും. ഹാര്‍ദിക്കിനെക്കൊണ്ട് അതിന് സാധിക്കില്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍, സൂര്യകുമാറിന് ഇത് മികച്ച അവസരമായിരിക്കും'- അര്‍നോള്‍ഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.