‘എന്‍റെ രാജ്യം പോലും എന്നിൽ ഇത്ര പ്രതീക്ഷ അർപ്പിച്ചിട്ടില്ല’; കൊൽക്കത്ത ടീമിനോടുള്ള കടപ്പാട് തുറന്ന് പറഞ്ഞ് സൂപ്പർതാരം
text_fieldsഐ.പി.എൽ 2023 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഇതുവരെയുള്ള പ്രകടനം അത്ര ശുഭകരമല്ല. സീസണിലെ എട്ടു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. ടീമിന്‍റെ ബാറ്റിങ് പ്രകടനമാണ് ഏറെ നിരാശപ്പെടുത്തുന്നത്. വെസ്റ്റിൻഡീസ് സൂപ്പർ ബാറ്റർ ആന്ദ്രെ റസ്സലിന് ഇതുവരെ ഫോം കണ്ടെത്താനാകാത്തതും ടീമിന് വെല്ലുവിളിയാണ്.
2014 മുതൽ ടീമിനൊപ്പമുള്ള താരത്തിൽ തന്നെയാണ് കൊൽക്കത്ത ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്നത്. 2019 സീസണിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ താരം, 510 റൺസാണ് അടിച്ചുകൂട്ടിയത്. സ്ട്രൈക്ക് റേറ്റ് 204.81. ഏതാനും വർഷങ്ങളായി കാൽമുട്ടിലെ പരിക്കുമായി വലയുന്ന താരം പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന ടീം മാനേജ്മെന്‍റിനോടുള്ള കടപ്പാട് തുറന്നു പറയുകയാണ്.
മറ്റൊരു ഫ്രാഞ്ചൈസിയും, എന്തിനേറെ എന്‍റെ രാജ്യം പോലും എന്നിൽ ഇത്രയേറെ പ്രതീക്ഷ അർപ്പിച്ചിട്ടില്ലെന്ന് താരം പറയുന്നു. ‘ഏതാനും വർഷങ്ങൾ മുമ്പുവരെ കാര്യങ്ങൾ ഇങ്ങനെയൊന്നും ആയിരുന്നില്ല. കെ.കെ.ആറാണ് എന്‍റെ കാൽമുട്ടിന് ശരിയായ ചികിത്സ നടത്താൻ സഹായിച്ചത്. സത്യസന്ധമായി പറഞ്ഞാൽ എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമാണ്. മറ്റൊരു ഫ്രാഞ്ചൈസിയോ, എന്‍റെ രാജ്യമോ എന്നിൽ ഇത്രയേറെ പ്രതീക്ഷ അർപ്പിച്ചിട്ടില്ല’ -റസ്സൽ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
‘ഞാൻ ഇവിടെ സന്തോഷവാനാണ്. ഈ ടൂർണമെന്‍റിൽ കൊൽക്കത്തയേക്കാൾ ഞാൻ കളിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു ടീമില്ല. കാരണം ഒമ്പതു വർഷമായി ഞാൻ ഇവിടെയുണ്ട്. ഞാൻ ഓരോ തവണയും ഇവരെ കാണുമ്പോൾ കൂടുതൽ അടുക്കുന്നു’ -ഓൾ റൗണ്ടർ റസ്സൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.