ധോണിയെ ബാറ്റിങ്ങിന് നേരത്തെ ഇറക്കിയില്ല; ചെന്നൈ നായകനെ വിമർശിച്ച് മുൻ താരങ്ങൾ
text_fieldsഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സൂപ്പർതാരം എം.എസ്. ധോണിയെ ബാറ്റിങ്ങിന് നേരത്തെ ഇറക്കാത്തതിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന് വ്യാപക വിമർശനം. ഐ.പി.എല്ലിൽ ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ് വെള്ളിയാഴ്ച ഹൈദരാബാദിനോട് ഏറ്റുവാങ്ങിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിൽ 11 പന്തുകൾ ബാക്കി നിൽക്കെയാണ് നാലു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് ലക്ഷ്യത്തിലെത്തിയത്. മൂന്നു പന്തുകൾ മാത്രം ബാക്കി നിൽക്കെയാണ് ധോണി ബാറ്റിങ്ങിനെത്തുന്നത്. രണ്ടു പന്തുകളിൽ ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്.
സി.എസ്.കെ ക്യാപ്റ്റൻ ഗെയ്‌ക്‌വാദിന്‍റെ തീരുമാനം അമ്പരപ്പിക്കുന്നതാണെന്നും ധോണിയെ നേരത്തെ ബാറ്റിങ്ങിന് ഇറക്കേണ്ടതായിരുന്നെന്നും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ പറഞ്ഞു. മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താനും ഗെയ്‌ക്‌വാദിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. ധോണി നേരത്തെ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നെങ്കിൽ ടീമിന് കൂടുതൽ റൺസ് നേടാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ധോണി, 16 പന്തിൽ 37 റൺസ് നേടിയിരുന്നു. എന്നിട്ടും ചെന്നൈ ഇന്നിങ്സിൽ മൂന്നു പന്തുകൾ ബാക്കി നിൽക്കെയാണ് ധോണി ഗ്രൗണ്ടിലെത്തുന്നത്. ധോണി നേരത്തെ ബാറ്റിങ്ങിന് എത്തിയിരുന്നെങ്കിൽ ഭുവനേശ്വർ കുമാർ, ജയദേവ് ഉനദ്കട്ട എന്നിവർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമായിരുന്നെന്ന് പത്താൻ അഭിപ്രായപ്പെട്ടു.
അവസാന അഞ്ചു ഓവറിൽ റൺസ് നേടാൻ ചെന്നൈ ബാറ്റർമാർ പ്രയാസപ്പെട്ടതും പവർ പ്ലേയിൽ ബൗളർമാർ റൺസ് അധികമായി വിട്ടുകൊടുത്തതുമാണ് പരാജയകാരണമെന്ന് മത്സരശേഷം ഗെയ്‌ക്‌വാദ് പറഞ്ഞു. അവസാന അഞ്ചു ഓവറിൽ 37 റൺസാണ് ചെന്നൈക്ക് നേടാനായത്. എന്നാൽ, പവർ പ്ലേയിൽ ചെന്നൈ ബൗളർമാരെ കണക്കിന് പ്രഹരിച്ച ഹൈദരാബാദ് ബാറ്റർമാർ ആറു ഓവറിൽ 78 റൺസാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.